എറണാകുളം : സിനിമാ താരം ശ്രീനാഥ് ഭാസി ഇന്ന് പോലീസിന് മുന്നിൽ ഹാജരാകില്ല. പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയിൽ ഇന്ന് ഹാജരകാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു. പിന്നാലെയാണ് നടൻ പോലീസിനോട് സാവകാശം തേടിയത്. നാളെ ഹാജരാകുവാൻ പോലീസ് നിർദ്ദേശം നൽകുകയും ചെയ്തു. മരട് പോലീസ് സ്‌റ്റേഷനിലാണ് നടനെ ചോദ്യം ചെയ്യുന്നത്.
ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി താരം പെരുമാറുകയായിരുന്നു. പിന്നാലെ അവതാരക പോലീസിനും വനിതാ കമ്മീഷനും പരാതി നൽകി. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെയാണ് ശ്രീനാഥ് മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയത്. സ്ഥാപനത്തിലെ ക്യാമറാമാനോടും മോശമായി പെരുമാറിയതായും പരാതിയിൽ പറയുന്നുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിക്കൽ, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഇതിന് പുറമെ നിർമ്മാതാക്കളുടെ സംഘടനയ്‌ക്കും അവതാരക പരാതി നൽകിയിരുന്നു. സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും. ശ്രീനാഥ് വിഷയം ചർച്ച ചെയ്യുമെന്ന് നിർമ്മാതാക്കളുടെ സംഘടനയും വ്യക്തമാക്കി.
തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ആരോട് വേണമെങ്കിലും താൻ ക്ഷമാപണം നടത്താൻ തയ്യാറാണെന്ന് ശ്രീനാഥ് ഭാസി അറിയിച്ചു. അവതാരകരോട് അപമര്യാദയായി പെരുമാറിയിട്ടില്ല. പരിപാടി നടക്കില്ല എന്ന് പറഞ്ഞാണ് താൻ എണീറ്റ് പോയത് എന്നും താരം പറഞ്ഞു. എന്നാൽ ഇതിനിടെ എഫ് എം റേഡിയോ അവതാരകനോട് സമാനമായ രീതിയിൽ ശ്രീനാഥ് പ്രതികരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.
Comments