തിരുവനന്തപുരം: എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞ കേസിലെ പ്രതിയായ ജിതിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നാലു ദിവസത്തെ പോലീസ് കസ്റ്റഡിക്കു ശേഷം ജിതിനെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഈ മാസം ആറുവരെയാണ് ജിതിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
ജിതിനെതിരായ കൂടുതൽ തെളിവുകൾ ലഭിച്ചതിനാൽ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. പടക്കമേറ് കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളെ കണ്ടെത്താനുള്ളതിനാൽ ജിതിന് ജാമ്യം നൽകരുതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും.
അതേസമയം ഇന്നലെ കോടതിയിൽ പരാതി അറിയിക്കാനുണ്ടെന്ന് ജിതിൻ പറഞ്ഞിരുന്നു. ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഇക്കാര്യമറിയിക്കാമെന്ന് ജിതിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു. പ്രതിയെ നാലു ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ചിട്ടും കേസിൽ നിർണായകമായ ഒന്നും കണ്ടെത്താനാകാത്തത് കോടതിയിൽ പ്രതിഭാഗം ഉന്നയിച്ചേക്കും.
Comments