തന്റെ പുതിയ ചിത്രമായ ‘മേം ഹൂ മൂസ’ തിയറ്ററുകളിൽ റിലീസ് ചെയ്യുന്നതിലുള്ള സന്തോഷം പങ്കുവെച്ച് നടൻ സുരേഷ് ഗോപി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് താരം തന്റെ സന്തോഷവും ആകാംക്ഷയും പങ്കുവെച്ചിരിക്കുന്നത്. ‘മേം ഹൂ മൂസയ്ക്ക് നിങ്ങൾ നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നു. ഞങ്ങളുടെ സിനിമ റിലീസ് ചെയ്യുമ്പോൾ നിങ്ങളുടെ പ്രതികരണങ്ങൾ എന്തെന്നറിയാനുള്ള ആകാംക്ഷയോടെ കാത്തിരിക്കുകയാണ്’ എന്നാണ് നടൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സെപ്റ്റംബർ 30-ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും.
വെള്ളിമൂങ്ങ എന്ന സൂപ്പർഹിറ്റ് ചിത്രം ഒരുക്കിയ ജിബു ജേക്കബ് ആണ് ‘മേം ഹൂ മൂസ’യുടെ സംവിധായകൻ. തീർത്തും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും സുരേഷ് ഗോപി എത്തുന്ന ചിത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. മലപ്പുറം സ്വദേശിയായ മൂസ എന്ന മുൻ പട്ടാള ഉദ്യോഗസ്ഥന്റെ വേഷമാണ് നടന്റേത്. സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിലൊന്നായിരിക്കും മൂസ. 1998 മുതൽ 2019 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം. ഇന്ത്യയിലെ സമകാലിക സംഭവങ്ങൾ കടന്നുവരുന്ന ഒരു പാൻ ഇന്ത്യൻ സിനിമയുടെ ജോണറിൽപ്പെടുത്താവുന്ന ചിത്രമാണ് ‘മേം ഹൂ മൂസ.
കാർഗിൽ, വാഗാ ബോർഡർ, പൂഞ്ച്, ഡൽഹി, ജയ്പൂർ എന്നിങ്ങനെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഷൂട്ട് ചെയ്തിരിക്കുന്ന ചിത്രത്തിൽ ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, കണ്ണൻ സാഗർ, അശ്വിനി, സരൺ, ജിജിന, ശ്രിന്ദ തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. കോൺഫിഡൻ്റ് ഗ്രൂപ്പും തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ഡോ. റോയ് സി.ജെയും തോമസ് തിരുവല്ലയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
Comments