കാസർകോഡ്: സംസ്ഥാനത്ത് വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചു. കാസർകോഡ് സ്വദേശിയായ 37 കാരനാണ് രോഗം സ്ഥിരീകരിച്ചത്. യുഎഇയിൽ നിന്നെത്തിയ ഇയാൾ ഇപ്പോൾ നിരീക്ഷണത്തിലാണ്.
ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് സ്ഥിരീകരിക്കുന്നത്. മുൻപ് സംസ്ഥാനത്ത് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്.
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മങ്കി പോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ മങ്കി പോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെയാണ് മങ്കി പോക്സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
Comments