ന്യൂഡൽഹി : രാജ്യത്തെ സാമ്പത്തിക സ്ഥിതി വലിയ തോതിൽ മെച്ചപ്പെടുത്താൻ 5ജിക്ക് സാധിക്കുമെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർള. ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പിലാണ് ബിർള ഇക്കാര്യം വ്യക്തമാക്കിയത്.
1.3 ബില്യൺ ഇന്ത്യക്കാരുടെയും ആയിരക്കണക്കിന് സംരംഭങ്ങളുടെയും ഡിജിറ്റൽ സ്വപ്നങ്ങളെ ടെലികോം വ്യവസായം കൂടുതൽ ജ്വലിപ്പിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യം 5 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറാൻ ഇത് വഴിയൊരുക്കും. ട്രില്യൺ ഡോളർ സംഭാവനയിലൂടെയാകും ഇത് യാഥാർത്ഥ്യമാകുക എന്നും ബിർള പറഞ്ഞു. 240 ദശലക്ഷം പൗരന്മാരെയാണ് വോഡഫോൺ ഐഡിയയുടെ നെറ്റ്വർക്കുമായി ബന്ധിപ്പിച്ചിരിക്കുന്നത്. അവരിൽ 50 ശതമാനവും ഗ്രാമീണ മേഖലയിൽ ഉള്ളവരാണ്. ഗതി ശക്തി, മേക്ക് ഇൻ ഇന്ത്യ തുടങ്ങിയ സർക്കാർ പദ്ധതികൾക്ക് ആവശ്യമായ നിക്ഷേപം കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സംരംഭങ്ങൾക്കും ഉപഭോക്താക്കൾക്കും വേണ്ടിയുള്ള സ്പെക്ട്രം ലേലം ഏറ്റെടുക്കൽ എന്നിവ റോൾഔട്ടിനുശേഷം നടക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
കേരളത്തിൽ ഉൾപ്പെടെ 5 ജി അടുത്ത വർഷം ലഭ്യമാക്കുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സേവനങ്ങൾ മത്സരാധിഷ്ഠിതമാകുന്നത് ഉപഭോക്താക്കൾക്ക് ഗുണകരമാകുമെന്നും ഭൂരിഭാഗവും തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമനാക്കി.
പ്രധാനമന്ത്രി ഉദഘാടനം ചെയ്ത ചടങ്ങിൽ റിലയൻസ് ജിയോ മേധാവി മുകേഷ് അംബാനി, എയർടെൽ മേധാവി സുനിൽ മിത്തൽ, വോഡഫോൺ ഐഡിയ (വിഐ)യുടെ കുമാർ മംഗളം ബിർള എന്നിവരും പങ്കെടുത്തു. നിലവിലുള്ള 4ജിയേക്കാൾ പല മടങ്ങ് വേഗത്തിൽ ഇന്റർനെറ്റ് ലഭ്യമാകുമെന്നതാണ് 5ജിയുടെ പ്രധാന സവിശേഷതകളിലൊന്ന്. മൊബൈൽ ഫോണുകളിലേക്ക് സെക്കന്റുകൾകൊണ്ട് സിനിമ ഉൾപ്പെടെ വലിയ ഫയലുകൾ ഡൗൺലോഡ് ചെയ്യാനാകും. ആരോഗ്യമേഖല, നെറ്റ് ശൃംഖലയുമായി ബന്ധിപ്പിച്ച വാഹനങ്ങളുടെ നിരീക്ഷണം തുടങ്ങി സർവമേഖലകളിലും മാറ്റം പ്രകടമാകും.
രാജ്യത്ത് തിരഞ്ഞെടുത്ത 13 നഗരങ്ങളിലാണ് ആദ്യം 5ജി എത്തുക. രണ്ടു വർഷത്തിനകം 5-ജി സേവനം രാജ്യമാകെ വ്യാപിപ്പിക്കും. ഇന്ത്യൻ സമൂഹത്തിൽ വലിയ മാറ്റത്തിന് കാരണമായേക്കാവുന്ന 5ജിക്ക് സാമ്പത്തിക മേഖലയിൽ 2035 ഓടെ 45,000 കോടി ഡോളറിന്റെ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Comments