ഇസ്ലാമാബാദ്: ജോലിക്കെത്തുമ്പോൾ എയർ ഹോസ്റ്റസുമാർ ഉൾപ്പെടെ ക്യാബിൻ ക്രൂ ജീവനക്കാർ നിർബന്ധമായും അടിവസ്ത്രം ധരിക്കണമെന്ന ഉത്തരവിൽ മാപ്പ് പറഞ്ഞ് പാകിസ്താൻ വിമാന കമ്പനി. പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് ആണ് വിചിത്രമായ ഉത്തരവ് പുറപ്പെടുവിച്ചതിൽ മാപ്പ് പറഞ്ഞത്. സംഭവത്തിൽ ഖേദമുണ്ടെന്ന് വിമാന കമ്പനി പറഞ്ഞു.
ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെ വിമാന കമ്പനിയ്ക്കെതിരെ ശക്തമായ വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു. ഇതോടെയായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചതിൽ ഖേദ പ്രകടനവുമായി രംഗത്ത് വന്നത്. ശരിയായ ഡ്രസ് കോഡ് പാലിക്കാൻ വേണ്ടി മാത്രമായിരുന്നു നിർദ്ദേശമെന്ന് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് എച്ച് ആർ ഓഫീസർ വ്യക്തമാക്കി. എന്നാൽ ഉത്തരവിന്റെ ഉദ്ദേശ്യശുദ്ധിയെ പലരും തെറ്റായി വ്യാഖ്യാനിച്ചു. ഉത്തരവിൽ അതിയായ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു എയർ ഹോസ്റ്റസുമാർ നിർബന്ധമായും അടിവസ്ത്രം ധരിക്കണമെന്ന് കമ്പനി നിർദ്ദേശം നൽകിയത്. യാത്രികരിൽ നിന്നും വ്യാപകമായി പരാതി ഉയരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Comments