ന്യൂഡൽഹി : മഹാത്മാഗാന്ധിയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുന്നത് ലോകം നേരിടുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താൻ സഹായിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഗാന്ധിജയന്തി ദിന സന്ദേശം പങ്കുവച്ചത്.
മഹാത്മാഗാന്ധിയുടെ ജന്മദിനം സമാധാനത്തിന്റെയും ബഹുമാനത്തിന്റെയും മൂല്യങ്ങൾ ഉയർത്തിക്കാട്ടുന്നു. എല്ലാവരും ഈ മുല്യങ്ങൾ ഉയർത്തിക്കാട്ടുകയും പരസ്പരം പങ്കിടുകയും വേണം.അവ ഉൾക്കൊണ്ട് പ്രവർത്തിച്ചാൽ ഇന്ന് നാം നേരിടുന്ന വെല്ലുവിളികളെ നമുക്ക് പരാജയപ്പെടുത്താൻ സാധിക്കുമെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
കുറിപ്പിനൊപ്പം നോട്ട്ഡ് ഗൺ ശിൽപ്പത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ ആസ്ഥാനത്തിന് അടുത്താണ് നോട്ട്ഡ് ഗൺ സ്ഥിതിചെയ്യുന്നത്. ഈ ശില്പം അഹിംസാത്മക ലോകത്തിനുള്ള പ്രത്യാശയെ പ്രതിനിധീകരിക്കുന്നു. 1980 അവസാനത്തോടെ സ്വീഡിഷ് കലാകാരനായ കാൾ ഫ്രെഡ്രിക് റോയിട്ടേഴ്സ്വാർഡിന്റെ സുഹൃത്തായിരുന്ന ജോൺ ലെനന്റെ കൊലപാതകത്തിന്റെ സ്മരണയ്ക്കായിയാണ് ശിൽപ്പം സൃഷ്ടിച്ചത്.
2007 ജൂൺ 15-നാണ് ഐക്യരാഷ്ട്ര പൊതുസഭ ഒക്ടോബർ രണ്ടിനെ അന്താരാഷ്ട്ര അഹിംസാദിനമായി അംഗീകരിച്ചത്. അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരപാതയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പാതയിലേയ്ക്ക് നയിച്ച ഗാന്ധിജിയെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ് ഇത്.
Comments