ഹൈദരാബാദ്: തെലങ്കാനയിലെ ബിജെപി-ആർഎസ്എസ് നേതാക്കളെ വധിക്കാനുള്ള ഭീകരരുടെ പദ്ധതി തകർത്തെറിഞ്ഞ് പോലീസ്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും വൻ ആയുധ ശേഖരവും പോലീസ് പിടിച്ചെടുത്തു.
ലഷ്കർ ഇ ത്വയ്ബ ഭീകരരായ മുഹമ്മദ് അബ്ദുൾ സഹെദ്, മാസ്, സമിയുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ബിജെപി- ആർഎസ്എസ് നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയതായി രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് അബ്ദുൾ സഹെദിനെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു മൂവർ സംഘം അറസ്റ്റിലായത്.
മാൽക്ക്പെട്ടിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇവരെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടാണ് ഇവർ പ്രദേശത്ത് എത്തിയത് എന്ന് പോലീസ് പറഞ്ഞു. ഇവരുടെ പക്കൽ നിന്നും ഗ്രനേഡുകൾ ഉൾപ്പെടെയാണ് കണ്ടെടുത്തത്. കൂടുതൽ വിശദാംശങ്ങൾക്കായി മൂന്ന് പേരെയും ചോദ്യം ചെയ്തുവരികയാണ്.
Comments