മുംബൈ : ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി ചാർജിങ്ങിനിടെ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. 7 വയസുകാരനായ സാബിർ അൻസാരിയാണ് മരിച്ചത്. വീട്ടിനുള്ളിൽ ചാർജ് ചെയ്യുന്നതിനായി വച്ചിരുന്ന ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ കുട്ടിക്ക് സാരമായി പൊള്ളൽ ഏറ്റിരുന്നു. മുംബൈയിലെ വസൈയിയിലെ രാംദാസ് നഗറിലാണ് സംഭവം.
സെപ്തംബർ 23 ന് പുലർച്ചെ 4.30 ഓടെയാണ് അപകടം നടന്നത്. കുട്ടിയുടെ അച്ഛൻ ബാറ്ററി ചാർജ് ചെയ്യുന്നതിനായി വീടിനുള്ളിൽ വച്ചിരുന്നു. രണ്ട് മണിക്കൂറിൽ കൂടുതൽ ബാറ്റി ചാർജിനിട്ടു. പിന്നാലെ ഇത് പൊട്ടിത്തെറിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണം എന്നും പറയപ്പെടുന്നു.
സ്ഫോടനത്തിൽ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. വീട്ടിലെ ഇലക്ട്രിക് സാധനങ്ങളുൾപ്പെടെ ഫർണിച്ചറുകളും നശിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി അപകടത്തിന്റെ തോത് വിലയിരുത്തി. ബാറ്ററി കൂടുതൽ ചൂടായതാകാം അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബാറ്ററി പൊട്ടിത്തെറിച്ചതിന് കാരണക്കാർ നിർമ്മാതാക്കളാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.
അപകട മരണത്തിൽ കേസ് എടുത്തിട്ടുണ്ട്. സംഭവത്തിൽ പരാതി ഒന്നും ലഭിച്ചിട്ടില്ല. 2021 മോഡലിലെ സ്കൂട്ടർ ആണെന്നും മണിക്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സമ്പത്ത് പാട്ടീലിൽ വ്യക്തമാക്കി.
Comments