ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി വനിതാ കിക്ക് ബോക്സിംഗ് ലോക ചാമ്പ്യൻ തജാമുൽ ഇസ്ലാം. ശ്രീനഗറിലെ രാജ്ഭവനിലെത്തിയായിരുന്നു തജാമുൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് തവണ ലോക ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ തജാമുലിനെ അദ്ദേഹം പ്രശംസിച്ചു.
ത്രിദിന സന്ദർശനത്തിന്റെ ഭാഗമായാണ് അമിത് ഷാ ജമ്മു കശ്മീരിൽ എത്തിയത്. സന്ദർശനത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു തജാമുൽ അമിത് ഷായെ കാണാൻ രാജ്ഭവനിൽ എത്തിയത്. ഏറെ നേരം സംസാരിച്ച ശേഷം അമിത് ഷായ്ക്ക് ഉപഹാരവും സമ്മാനിച്ചാണ് തജാമുൽ മടങ്ങിയത്.
ജമ്മു കശ്മീരിലെ മാറുന്ന യുവത്വത്തിന്റെ പ്രതീകമാണ് തജാമുൽ എന്ന് അമിത് ഷാ പറഞ്ഞു. ഇന്ത്യയുടെ പുത്രിയും ലോക കിക്ക് ബോക്സിംഗ് ചാമ്പ്യനുമായ തജാമുൽ ഇസ്ലാമുമായി കൂടിക്കാഴ്ച നടത്താൻ കഴിഞ്ഞു. വളരെ ചെറു പ്രായത്തിൽ അപൂർവ്വ നേട്ടം സ്വന്തമാക്കിയ തജാമുൽ ഓരോ ഭാരതീയനും പ്രചോദനമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ബന്ദിപ്പോരയിലെ തർക്ക്പ്പോര സ്വദേശിനിയാണ് തജാമുൽ ഇസ്ലാം. 2016 ൽ ഇറ്റലിയിൽ നടന്ന മത്സരത്തിൽ എട്ട് വയസ്സിന് താഴെയുള്ളവരുടെ കിക്ക്ബോക്സിംഗ് മത്സരത്തിലാണ് തജാമുൽ ആദ്യമായി ലോക ചാമ്പ്യനെന്ന പട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഈജിപ്തിൽ നടന്ന മത്സരത്തിലാണ് ലോക ചാമ്പ്യനെന്ന നേട്ടം രണ്ടാമതും തജാമുലിനെ തേടിയെത്തിയത്.
Comments