പത്തനംതിട്ട : രണ്ട് മാസം മുൻപാണ് അമ്മ അവസാനമായി തന്നെ വിളിച്ചത് എന്ന് ആഭിചാര കൊലയ്‌ക്ക് ഇരയായ റോസ്ലിയുടെ മകൾ. ജൂൺ 6 ന് അമ്മ വിളിച്ചു. ജൂൺ എട്ട് മുതൽ അമ്മയെ കാണാതായി. ഒപ്പം താമസിച്ചിരുന്ന പങ്കാളി സജീഷും റോസ്ലിയും തമ്മിൽ എന്നും വഴക്കിട്ടിരുന്നുവെന്നും മകൾ മഞ്ജു വെളിപ്പെടുത്തി.
കുഞ്ഞുമോൾ സണ്ണി വർഗീസ് എന്നായിരുന്നു റോസ്ലിയുടെ യഥാർത്ഥ പേര്. പത്ത് വർഷം മുൻപ് അത് മാറ്റി റോസ്ലി എന്നാക്കി. കുടുംബവുമായി അമ്മ അകന്ന് കഴിയുകയായിരുന്നു. കുടുംബപ്രശ്‌നങ്ങൾ കാരണം വർഷങ്ങൾക്ക് മുൻപ് വീടുവിട്ട് ഇറങ്ങി. പിന്നീട് ലോട്ടറി കച്ചവടം പോലുള്ള ജോലികൾ ചെയ്താണ് ജീവിച്ചിരുന്നത്. പല സ്ഥലങ്ങളിലേക്കായി മാറി മാറി താമസിക്കുന്നത് കാരണം മറ്റെവിടെയെങ്കിലും ജോലി ചെയ്ത് ജീവിക്കുകയാണെന്ന് കരുതി. രണ്ട് മാസത്തോളം കാണാതായതോടെയാണ് പോലീസിൽ പരാതി നൽകിയത്.
സ്വർണം മുഴുവൻ പങ്കാളിയായ സജീഷിന്റെ കൈയ്യിൽ ഏൽപ്പിച്ചാണ് അമ്മ അവസാനമായി പോയത്. കമ്മൽ, മാല , മോതിരം, പാദസരം എന്നിവയെല്ലാം സജീഷിനെ ഏൽപ്പിച്ചിരുന്നു. സാധാരണയായി സ്വർണമൊന്നും ആർക്കും കൊടുത്തിട്ട് പോകുന്നയാളല്ല റോസ്ലി. പിന്നെ എന്തിന് അങ്ങനെ ചെയ്തുവെന്ന് അറിയില്ലെന്നും മകൾ മഞ്ജു പറഞ്ഞു.
പുതിയ വീട്ടിൽ താമസിക്കുകയാണെന്ന് പറഞ്ഞ് ജൂൺ 6 നാണ് അമ്മ അവസാനമായി വിളിച്ചത്. അന്ന് അയാൾ മർദ്ദിച്ചുവെന്നും പറഞ്ഞു. അയാൾക്കെതിരെ അമ്മ തന്നെ കാലടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ജൂൺ 8 മുതൽ അമ്മയെ കാണാതായി. എന്നാൽ വീട്ടിൽ നിന്ന് പോകുമ്പോൾ എന്തിനാണ് എല്ലാ സ്വർണവും അയാളെ തന്നെ ഏൽപ്പിച്ചത് എന്ന് അറിയില്ലെന്നും റോസ്ലിയുടെ മകൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിന് പിന്നാലെ പോലീസ് പങ്കാളിയെ ചോദ്യം ചെയ്‌തെങ്കിലും സംശയം തോന്നിക്കാവുന്ന തരത്തിൽ ഒന്നും കണ്ടെത്താനായില്ല. റോസ്ലിയെ ഫോണിൽ ബന്ധപ്പെടാൻ പോലും സാധിച്ചില്ലെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ റോസ്ലിയെ കാണാനില്ലെന്ന് അറിഞ്ഞിട്ടും ഇയാൾ എന്തുകൊണ്ട് പരാതി നൽകിയില്ല എന്ന ചോദ്യം ബാക്കിയാണ്.















