നീല നിറത്തിലുള്ള ചായയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ. അതിശയിക്കണ്ട എന്തെങ്കിലും കളറുകളോ , മറ്റു രാസവസ്തുക്കളോ ഉപയോഗിച്ച് ഉണ്ടാക്കുന്ന ചായ അല്ല ഇത്. മറിച്ച് നീല ശംഖുപുഷ്പത്തിന്റെ പൂക്കൾ ഉണക്കി ചേർക്കുന്നത് കൊണ്ടാണ് ഇവയ്‌ക്ക് നീല നിറം ലഭിക്കുന്നത്. നിരവധി ഗുണങ്ങളാണ് ഈ ചായക്ക് ഉള്ളത്.
ചർമ്മത്തിനും മുടിക്കും മൊത്തത്തിലുള്ള സൗന്ദര്യത്തിനും സഹായകമായ ധാരാളം ഗുണങ്ങൾ നീല ചായയിൽ അടങ്ങിയിട്ടുണ്ട്. നീല ചായയിൽ അടങ്ങിയിരിക്കുന്ന ഫ്‌ലേവനോയ്ഡുകൾ കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത വികസിപ്പിക്കാനും നിലനിർത്താനും സഹായിക്കുകയും ചെയ്യും.ബ്ലൂ ടീ ചർമ്മത്തിന് ഉത്തമമാണെന്ന് പറയപ്പെടുന്നു. ഇതിലെ ആന്റി ഗ്ലൈക്കേഷൻ സവിശേഷത ചർമ്മത്തിന്റെ വാർദ്ധക്യത്തെ ചെറുക്കുന്നു. ഉയർന്ന അളവിൽ ആന്റിഓക്സിഡന്റ് ഉള്ളതിനാൽ നീല ചായ അതിന്റെ യുവത്വം നിലനിർത്തുവാൻ സഹായകമായ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ഇത് ചർമ്മത്തെ ചെറുപ്പവും ആരോഗ്യകരവുമാക്കി നിലനിർത്തുന്നു.ശംഖുപുഷ്പ്പം മുടിക്ക് ഉത്തമമാണ്. കാരണം അതിൽ തലയിലെ രക്തചംക്രമണം വർദ്ധിപ്പിക്കാനും ആരോഗ്യകരമായ ശിരോചർമ്മം നിലനിർത്താനും ഫലപ്രദമാണെന്ന പേരിൽ അറിയപ്പെടുന്ന ഒരു സംയുക്തമായ ആന്തോസയാനിൻ അടങ്ങിയിരിക്കുന്നു.
വയറ്റിലെ കൊഴുപ്പ് എരിച്ചു കളയുന്നതിനും ശരീരഭാരം കുറയ്‌ക്കുന്നതിനും നീല ചായ സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളത്തിൽ നീല ശംഘുപുഷ്പം ചേർത്ത് കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കും. പ്രകൃതിദത്ത ഡൈയൂറിറ്റിക് പാനീയമായതിനാൽ മൂത്രത്തിലൂടെ ശരീരത്തിലെ ദുഷിപ്പുകൾ പുറത്തേക്ക് തല്ലുവാനും നീല ചായ കുടിക്കുന്നത് സഹായിക്കും.ചായയ്‌ക്ക് സമ്മർദ്ദം അകറ്റുവാനുള്ള പ്രത്യേക ഗുണങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു, ഇത് ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കുറയ്‌ക്കുന്നതിനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നീല ചായ സഹായിക്കും
എങ്ങനെ നീല ചായ ഉണ്ടാക്കാം
സാധാരണ ചായ ഉണ്ടാക്കുന്നത് പോലെ വളരെ വേഗത്തിൽ ഈ ചായയും ഉണ്ടാക്കാം . നാം ഉപയോഗിക്കുന്ന തേയിലയ്‌ക്ക് പകരം ശംഖുപുഷ്പത്തിന്റെ ഇതളുകളിൽ നിന്ന് നിർമ്മിച്ച ബ്ലൂ ടീ ഉപയോഗിച്ചാൽ മതിയാകും. അധികമായി മധുരം ചേർക്കാതിരിക്കുന്നതാണ് ഗുണകരം.















