മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോൺസ്റ്റർ. പുലിമുരുകന്റെ വലിയ വിജയത്തിന് ശേഷം വൈശാഖ്-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. പലപ്പോഴായി സിനിമയുടെ റീലീസ് മാറ്റി വെച്ചത് ആരാധകരെയും സിനിമാ പ്രേമികളെയും നിരാശരാക്കിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒക്ടോബർ 21-ന് സിനിമ തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ സെൻസറിംഗും പൂർത്തിയായി. U/A സർട്ടിഫിക്കറ്റാണ് മോൺസ്റ്ററിന് ലഭിച്ചിരിക്കുന്നത്. സിനിമയുടെ ട്രെയിലറും അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.
ലക്കി സിംഗ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ഗെറ്റപ്പിൽ മോഹൻലാൽ എത്തുന്നത് ആരാധകരെ ആവേശത്തിലാക്കുന്നു. ഉദയ് കൃഷ്ണയാണ് മോൺസ്റ്ററിന്റെ രചന. സിദ്ധിഖ്, മഞ്ജു ലക്ഷ്മി, ഹണി റോസ്, സുദേവ് നായർ, ഗണേഷ് കുമാർ, ലെന തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സതീശ് കുറുപ്പാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മോൺസ്റ്റർ നിർമ്മിക്കുന്നത്. ആക്ഷന് കൂടുതൽ പ്രധാന്യമുള്ള ചിത്രത്തിൽ സ്റ്റണ്ട് സിൽവയാണ് സംഘട്ടനം ഒരുക്കുന്നത്. ഷമീർ മുഹമ്മദ് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് ഈ വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്ത ആറാട്ടാണ് മോഹൻലാലിന്റെ അവസാനമായി തിയറ്ററിലെത്തിയ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ സിനിമ തിയറ്ററിൽ വിജയമായിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം വീണ്ടും തിയറ്റർ റിലീസിന് തയ്യാറാകുന്നത്.
Comments