വാഷിംഗ്ടൺ : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വതന്ത്രമായി പ്രവർത്തിക്കുന്ന അന്വേഷണ ഏജൻസിയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. യുഎസ് സന്ദർശനത്തിനിടെ വാഷിംഗ്ടണിൽ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയായിരുന്നു ധനമന്ത്രി.
രാജ്യത്തെ ജനങ്ങളെ നിരീക്ഷിക്കാനും പിന്തുടരാനും അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് ഇഡിയെ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ കണ്ടെത്തുന്ന ഏജൻസിയെന്ന് വിളിക്കുമെന്ന് നിർമല സീതാരാമൻ പറഞ്ഞത്. അത് ഒരു സ്വതന്ത്ര അന്വേഷണ ഏജൻസിയാണ്. ഇഡി സംഘം അന്വേഷണം നടത്തുന്നത് അവരുടെ പക്കലുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ധനമന്ത്രി വ്യക്തമാക്കി.
തുടർന്ന് ധനമന്ത്രി ജി20 യെക്കുറിച്ചും അതിന്റെ മുൻഗണനകളെക്കുറിച്ചും സംസാരിച്ചു. ”ഞങ്ങൾ നിരവധി ജി 20 അംഗരാജ്യങ്ങളുമായി ഉഭയകക്ഷി ചർച്ചകൾ നടത്തിയിട്ടുണ്ട്. വെല്ലുവിളികൾ ഏറെയുള്ള സമയത്താണ് ഞങ്ങൾ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. മുഴുവൻ കാര്യങ്ങളും മികച്ച രീതിയിൽ നടപ്പിലാക്കാൻ എല്ലാ രാജ്യങ്ങളും കൂടെ നിൽക്കേണ്ടത് അനിവാര്യമാണ്” കേന്ദ്ര മന്ത്രി പറഞ്ഞു.
കൽക്കരിയിൽ നിന്ന് ഊർജ്ജമുണ്ടാക്കുന്ന രീതിയിലേക്കാണ് രാജ്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. വാതകങ്ങൾ വാങ്ങുന്നത് ലാഭമല്ലാത്തതിനാലും അത് ലഭ്യമല്ലാതിരിക്കുന്നത് കൊണ്ടുമാണ് പല രാജ്യങ്ങളും കൽക്കരി തിരഞ്ഞെടുക്കുന്നത് എന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
Comments