സഖോൺ നഖോൺ: ഉപാധികളില്ലാത്ത പങ്കുവെക്കലുകളും പരസ്പരം അറിഞ്ഞു നൽകുന്ന കരുതലുമാണ് പ്രണയം. വ്യത്യാസങ്ങൾ സമാനതകളാകുന്ന, പരിധികളില്ലാത്ത സ്വാതന്ത്ര്യം കൗതുകമാകുന്ന, നോട്ടങ്ങളും അർത്ഥരഹിതമായ ശബ്ദങ്ങളും ശരീര ചലനങ്ങളും പോലും വിശുദ്ധമായ ഭാഷയാകുന്ന സ്വർഗീയമായ അനുഭൂതി. വൈരൂപ്യം പോലും വിലങ്ങുതടിയാകാത്ത പ്രണയമെന്ന അവാച്യമായ വികാരത്തിന് മുന്നിൽ, പ്രായം ഒരു ഘടകമേയല്ലെന്ന് തെളിയിക്കുകയാണ്, വടക്കു കിഴക്കൻ തായ്ലൻഡിലെ സഖോൺ നഖോൺ പ്രവിശ്യക്കാരായ 19 വയസ്സുകാരൻ വുത്തിച്ചായ് ചന്തരാജും 56 വയസ്സുകാരി ജാൻല നമുവാങ്രാകും.
10 വയസ്സുള്ളപ്പോഴാണ്, ചന്തരാജ് ജാൻലയെ ആദ്യമായി കാണുന്നത്. വിവാഹമോചിതയായ ജാൻലയെ ചെറിയ ജോലികളിൽ സഹായിച്ച് തുടങ്ങിയ അടുപ്പം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ചെടികളുടെ പരിപാലനമായിരുന്നു ഇരുവർക്കും പൊതുവിൽ താത്പര്യമുള്ള പ്രധാന വിനോദം.
തങ്ങളുടെ അടുപ്പം പ്രണയമാണെന്ന് ഇരുവരും തിരിച്ചറിഞ്ഞിട്ട് രണ്ട് വർഷമേ ആകുന്നുള്ളൂ. അന്ന് മുതൽ ഇരുവരും ഡേറ്റിംഗിലാണ്. 37 വയസ്സിന്റെ പ്രായവ്യത്യാസം ഒരു പ്രശ്നമേയല്ലെന്ന് തെളിയിക്കുന്നതാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകൾ.
മൂന്ന് കുട്ടികളുടെ മുത്തശ്ശിയാണ് ജാൻല. ചന്തരാജുമായുള്ള പ്രണയം തന്റെ പ്രായം കുറച്ചതായാണ് തനിക്ക് അനുഭവപ്പെടുന്നത് എന്ന് ഇവർ പറയുന്നു. ഇരുവരുടേയും പ്രണയം ആദ്യം ജാൻലയുടെ മക്കൾക്ക് അമ്പരപ്പായിരുന്നു ഉളവാക്കിയത്. എന്നാൽ, വസ്തുതകൾ മനസ്സിലാക്കിയതോടെ ബന്ധം അവർ അംഗീകരിക്കുകയായിരുന്നു. ഇതോടെ, എത്രയും വേഗം വിവാഹിതരാകാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
Comments