തിരുവനന്തപുരം: പീഡന കേസിൽ ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി കെപിസിസിയ്‌ക്ക് വിശദീകരണം നൽകി. കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. എൽദോസ് മാറി നിൽക്കുന്നത് നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും സുധാകരൻ അറിയിച്ചു.
അഭിഭാഷകൻ മുഖേനയാണ് എൽദോസ് കുന്നപ്പിള്ളി മറുപടി നൽകിയത്. അദ്ദേഹം മാറി നിൽക്കുന്നത് നേതൃത്വത്തിന്റെ അറിവോടെയല്ല. എംഎൽഎയുടെ വിശദീകരണം വായിക്കാൻ സമയം കിട്ടിയിട്ടില്ല. വിശദീകരണം പരിശോധിച്ച് മറ്റ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷമേ എൽദോസിനെതിരെ നടപടി സ്വീകരിക്കൂ.
എൽദോസിന്റെ നടപടി പാർട്ടിയ്‌ക്ക് നാണക്കേട് ഉണ്ടാക്കി. പോലീസ് അനാസ്ഥയ്‌ക്ക് കാരണം മുഖ്യമന്ത്രിയുടെ അശ്രദ്ധയാണ്. കോടതി എന്ത് നടപടി സ്വീകരിച്ചാലും എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ പാർട്ടി നടപടിയുണ്ടാകുമെന്നും സുധാകരൻ വ്യക്തമാക്കി.
എൽദോസിന്റെ വിശദീകരണം പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് വി.ഡി സതീശനും അറിയിച്ചു. എൽദോസിന്റെ വിശദീകരണം കിട്ടിയതിനെ കുറിച്ച് ഇപ്പോഴാണ് അറിയുന്നത്. ഒരുതരത്തിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് യുഡിഎഫ് സ്വീകരിക്കില്ല. കോൺഗ്രസ് എൽദോസിനെ സംരക്ഷിക്കുകയോ ന്യായീകരിക്കുകയോ ചെയ്തിട്ടില്ലെന്നും സതീശൻ പറഞ്ഞു.















