കൊച്ചി: പീഡനക്കേസിൽ ഒളിവിൽപ്പോയ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയ്‌ക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി.തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.കർശന ഉപാധികളോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ട് പോകരുത്, ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം,ഫോണും പാസ്‌പോർട്ടും കോടതിയിൽ ഹാജരാക്കണം,തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തുടങ്ങിയവയാണ് ഉപാധികളായി കോടതി മുന്നോട്ട് വെച്ചത്.
ഉച്ചയോടെ എംഎൽഎയുടെ വസതിയിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിക്കാരിയുമായി എംഎൽഎയുടെ പെരുമ്പാവൂരിലെ വീട്ടിൽ തെളിവെടുപ്പ് നടത്തിയത്.
കഴിഞ്ഞ സെപ്തംബറിൽ എൽദോസ് കുന്നപ്പിള്ളി തന്നെ ഈ വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.എൽദോസിന്റെ കുടുംബം വീട്ടിൽ ഇല്ലാത്തപ്പോൾ ഇവിടെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് മൊഴി.
തെളിവെടുപ്പിന് പിന്നാലെ കെപിസിസിയ്‌ക്ക് എൽദോസ് വിശദീകരണക്കുറിപ്പ് നൽകിയിരുന്നു. ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഒളിവിലിരുന്നുകൊണ്ട് എൽദോസ് വക്കീൽ മുഖാന്തരം വിശദീകരണം നൽകിയത്. ഒളിവിലിരിക്കുന്നത് അനാവശ്യ ചർച്ചകൾ ഒഴിവാക്കാനാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും എൽദോസ് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. കത്ത് ലഭിച്ച ശേഷം എം.എൽ.എയുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചത്.















