ടെഹ്‌റാൻ: ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം ശനിയാഴ്ച നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ. യുഎസും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായതിന് പിന്നാലെയാണ് ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഫാർസ് വാർത്താ ഏജൻസിയുടെ ലേഖകൻ നിരവധി സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി റിപ്പോർട്ട് ചെയ്തു. അതേസമയം, ഖാർഗ് ദ്വീപിന് സമീപം ഇറാന്റെ എണ്ണ ടാങ്കറിന് നേരെ യുഎസ് ആക്രമണം നടത്തിയതായി എസ്എൻഎൻ വാർത്താ ഏജൻസി അവകാശപ്പെട്ടു.
സംഭവത്തിൽ ഇറാൻ അധികൃതർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സ്ഫോടനങ്ങളുടെ കാരണം എന്താണെന്നതും ടാങ്കറിന് നേരെ ആക്രമണം നടന്നിട്ടുണ്ടോ എന്നതും വ്യക്തമായിട്ടില്ല.
യുദ്ധം ആരംഭിച്ചതിന് ശേഷം ഖാർഗിന് നേരെ മൂന്നാം ആക്രമണം
യുഎസ്-ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഖാർഗ് ദ്വീപ് ലക്ഷ്യമാക്കി നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിതെന്നാണ് റിപ്പോർട്ടുകൾ. മാർച്ചിലായിരുന്നു ആദ്യ ആക്രമണം. ഖാർഗിലെ സൈനിക കേന്ദ്രങ്ങൾ തകർത്തതായി അന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദ്വീപിലെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടിരുന്നില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാൻ തടസ്സപ്പെടുത്തിയതിനെ തുടർന്നായിരുന്നു അന്നത്തെ ആക്രമണം. ഏപ്രിൽ ഏഴിനായിരുന്നു ഖാർഗിന് നേരെയുണ്ടായ രണ്ടാമത്തെ ആക്രമണം
ഇറാന്റെ നിർണായക എണ്ണ കേന്ദ്രം
ഇറാൻ തീരത്ത് നിന്ന് ഏകദേശം 33 കിലോമീറ്റർ അകലെയുള്ള ചെറിയ പവിഴദ്വീപാണ് ഖാർഗ്. രാജ്യത്തിന്റെ പ്രധാന എണ്ണ കയറ്റുമതി ടെർമിനലും ഇവിടെയാണ്. ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ ഭൂരിഭാഗവും ഖാർഗ് വഴിയാണ് നടക്കുന്നത്.
ദ്വീപിന്റെ തെക്കൻ ഭാഗത്ത് വലിയ എണ്ണ സംഭരണ കേന്ദ്രങ്ങളുണ്ട്. എണ്ണ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾ താമസിക്കുന്ന പ്രദേശങ്ങളും ഇവിടെയുണ്ട്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് നിർണായകമായ എണ്ണ വരുമാനത്തെ ഖാർഗിന് നേരെയുള്ള ആക്രമണം ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് ഇറാന്റെ എണ്ണ കയറ്റുമതിയുടെ വലിയൊരു പങ്കും പോകുന്നത്. അതിനാൽ ഖാർഗിന് നേരെയുണ്ടാകുന്ന ആക്രമണം ആഗോള എണ്ണവിപണിയിലും പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം.
എണ്ണ മേഖലയ്‌ക്ക് പുറമെ ചരിത്രപ്രാധാന്യമുള്ള നിരവധി കേന്ദ്രങ്ങളും ഖാർഗ് ദ്വീപിലുണ്ട്. മധ്യകാലഘട്ടത്തിലെ പോർച്ചുഗീസ് കോട്ടയും പേർഷ്യൻ ഉൾക്കടലിലെ പുരാതന ക്രിസ്ത്യൻ ആശ്രമത്തിന്റെ അവശിഷ്ടങ്ങളും ദ്വീപിലുണ്ട്.















