ബെംഗളൂരു: അന്തരിച്ച നടൻ പുനീത് രാജ്കുമാറിന് കർണാടകയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘കർണാടക രത്ന’ പുരസ്കാരം നൽകുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നവംബർ 1-ന് വിധാന സൗധയ്ക്ക് മുന്നിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. അവാർഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്. 2009 മുതൽ എട്ട് പേർക്ക് മാത്രമാണ് അവാർഡ് ലഭിച്ചിട്ടുള്ളത്. പുനീത് രാജ്കുമാറിന്റെ ജീവിത സംഭാവനകൾ വളരെ വലുതാണ്. ജനങ്ങളുടെ മനസ്സിൽ അദ്ദേഹത്തിന് വലിയ സ്ഥാനമാണുള്ളതെന്നും അതിനാൽ കർണാടക രത്നയ്ക്ക് പുനീത് അർഹനാണെന്നും ബൊമ്മൈ പറഞ്ഞു.
‘അപ്പു ഇപ്പോഴും നമ്മോടൊപ്പമുണ്ട്. സംസ്ഥാനത്തുടനീളം, കൊല്ലേഗൽ മുതൽ ബിദർ വരെയുള്ള എല്ലാ ഗ്രാമങ്ങളിലും, പുനീത് രാജ് കുമാറിനോടുള്ള അവരുടെ സ്നേഹവും വാത്സല്യവും കാണാൻ കഴിയും. എല്ലായിടത്തും അദ്ദേഹത്തിന്റെ ചിത്രം കാണാം. അദ്ദേഹം അവരുടെ കൂടെ ഇല്ല എന്ന് വിശ്വസിക്കാൻ ജനങ്ങൾക്ക് പ്രയാസമാണ്. പുനീത് ജനങ്ങളിൽ നിന്ന് നേടിയെടുത്ത സ്നേഹവും വാത്സല്യവും ശ്രദ്ധേയമാണ്, അത് ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ്’ എന്ന് ബൊമ്മെ പറഞ്ഞു.
പുനീത് രാജ് കുമാർ നായകനാകുന്ന കന്നഡ ചിത്രമായ ‘ഗന്ധദ ഗുഡി’ക്ക് നികുതി ഇളവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇത് സസ്യജന്തുജാലങ്ങളുടെ സംരക്ഷണം അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. കർണാടകയുടെ പ്രകൃതി സൗന്ദര്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഉള്ള ആദരവാണ് ഗന്ധദ ഗുഡിയെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 29-നാണ് ഹൃദയാഘാതത്തെ തുടർന്നാണ് പുനീത് രാജ്കുമാർ അന്തരിച്ചത്. നടൻ, പിന്നണി ഗായകൻ, ടെലിവിഷൻ അവതാരകൻ, നിർമ്മാതാവ് എന്നീ നിലകളിൽ അദ്ദേഹം പ്രസിദ്ധനായിരുന്നു.
Comments