തൃശൂർ: കയ്പമംഗലത്ത് നിന്നും എംഡിഎംഎ പിടികൂടി പോലീസ്. പ്രതികളിൽ നിന്നും ലഹരി കൈമാറിയ വിദ്യാർത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ ലിസ്റ്റ് ഉൾപ്പെടെയാണ് പോലീസ് കണ്ടെടുത്തത്. 17നും 25നും ഇടയിൽ പ്രായമുള്ള അമ്പതോളം സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളുടെ ലിസ്റ്റായിരുന്നു ഇത്. ലഹരി കടമായി നൽകിയവരുടെ പേരുവിവരങ്ങളാണിതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. ചെന്ത്രാപ്പിന്നി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് സംഭവത്തിൽ പിടിയിലായത്.
കയ്പമംഗലത്ത് നിന്നും 15.2 ഗ്രാം എംഡിഎംഎയുമായാണ് പോലീസ് ഇവരെ പിടികൂടിയത്. പോലീസിനെ വെട്ടിച്ച് ബൈക്കിൽ കടന്നുകളഞ്ഞ പ്രതികളെ പിറകെ പിന്തുടർന്ന് ചെന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടാൻ ശ്രമിക്കവെ എക്സൈസ് സംഘത്തെ ആക്രമിക്കാനും പ്രതികൾ ശ്രമിച്ചിരുന്നു. തുടർന്ന് ഒരു പ്രതിയുടെ കയ്യിൽ നിന്ന് 3 ഗ്രാം എംഡിഎംഎയും മറ്റൊരാളുടെ കയ്യിൽ നിന്ന് ശേഷിക്കുന്ന ലഹരിയും പിടിച്ചെടുക്കുകയായിരുന്നു. ബെംഗളൂരുവിൽ നിന്നാണ് ഇവ കേരളത്തിലെത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി.
പ്രതികളുടെ കൈവശമുണ്ടായിരുന്ന ലിസ്റ്റിൽ ലഹരി കൈമാറിയ കുട്ടികളുടെ പേര്, കൈമാറിയ തിയ്യതി എന്നിവയും ഓരോരുത്തരും എത്ര രൂപ തന്നു, ഇനി തരാനുണ്ട് എന്നീ കാര്യങ്ങളും പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ഗൂഗിൾ പേ വഴി പണം നൽകിയവരെ പ്രത്യേകം രേഖപ്പെടുത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. ഇത്തരത്തിൽ 50 ഓളം കുട്ടികളുടെ പേരുവിവരങ്ങളാണ് പ്രതികളുടെ കയ്യിൽ ഉണ്ടായിരുന്നത്. ലഹരി ഇടപാടുകൾ നടത്തുന്നതിന് വേണ്ടി മാത്രം പ്രതിയുടെ പക്കൽ പ്രത്യേകം ഫോൺ ഉണ്ടായിരുന്നു. ഈ നമ്പർ വഴിയാണ് വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടിരുന്നതെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഫോൺ വിശദമായി പരിശോധന നടത്തി ഇടപാടിൽ പങ്കാളികളായ വിദ്യാർത്ഥികളെ കണ്ടെത്തുമെന്നും എക്സൈസ് അറിയിച്ചു.
.















