ഇരുട്ടിൽനിന്നു പ്രകാശത്തിലേക്കുള്ള പ്രത്യാശയുടെ ആഘോഷമായ ദീപാവലി ആഘോഷമാക്കി രാജ്യം. വെളിച്ചത്തെ ഉപാസിക്കുന്ന ദീപാവലി ഇന്നാണെങ്കിലും ആഘോഷങ്ങൾ ദിവസങ്ങൾക്ക് മുൻപേ ആരംഭിച്ചിരുന്നു.
ദീപാവലിയോടനുബന്ധിച്ച് ആയോദ്ധ്യയിലെ ശ്രീരാമ രാജ്യാഭിഷേക പൂജയിലും ലക്ഷം ദീപം തെളിയിക്കൽ ചടങ്ങിലും പ്രധാനമന്ത്രി പങ്കുചേർന്നിരുന്നു. ദീപങ്ങൾ കത്തിച്ചും മധുരം പങ്കിട്ടും രംഗോലി ഒരുക്കിയുമാണ് എല്ലാവരും നന്മയുടേയും ഐശ്വര്യത്തിന്റെയും ഉത്സവത്തെ വരവേൽക്കുന്നത്.
ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് ദീപാവലി. സൂര്യൻ തുലാരാശിയിൽ കടക്കുന്ന കൃഷ്ണപക്ഷത്തിലെ പ്രദോഷത്തിൽ ദീപാവലി ആഘോഷിക്കുന്നു. എന്നാൽ കാശി പഞ്ചാംഗ പ്രകാരം കൃഷ്ണപക്ഷത്തിലെ അമാവാസി നാളിലാണ് ദീപാവലി. ലക്ഷ്മീ പൂജയും ഇതേ ദിവസമാണ്. അമാവാസി രണ്ട് ദിവസമുണ്ടെങ്കിൽ ദീപാവലി രണ്ടാമത്തെ ദിവസമായിരിക്കും ആഘോഷിക്കുക. ചില പഞ്ചാംഗങ്ങളനുസരിച്ച് കൃഷ്ണപക്ഷ അമാവാസി ദിവസമാണ് ദീപാവലി കൊണ്ടാടുന്നത്. സൂര്യൻ തുലാരാശിയിലെത്തുമ്പോൾ വിളക്ക് തെളിയിക്കുന്നത് ശ്രേഷ്ഠമാണെന്ന് പുരാണങ്ങളിൽ പറയുന്നു
ദീപം (വിളക്ക്), ആവലി എന്നീ പദങ്ങൾചേർന്നാണ്, ദീപാവലിയെന്ന പദമുണ്ടായത്, ഇതു ലോപിച്ചാണ് ദീവാ എന്നായിത്തീർന്നത്.മനുഷ്യഹൃദയങ്ങളിൽ സ്ഥിതി ചെയ്യുന്ന ആസുരികതയെ നിഗ്രഹിക്കുക എന്നതാണ് ദീപാവലി നൽകുന്ന സന്ദേശം.















