കാലങ്ങളോളം ഇന്ത്യയെ അടക്കി ഭരിച്ചിരുന്ന ബ്രിട്ടൺ..
ഇന്ന് അതേ ബ്രിട്ടന്റ ഭരണം കൈയ്യാളാൻ ഒരു ഇന്ത്യൻ വംശജൻ..
യുകെയുടെ പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക് എത്തുമ്പോൾ ഓരോ ഭാരതീയനും ഇത് അഭിമാനത്തിന്റെ നിമിഷങ്ങൾ കൂടിയാണ്..
ആദ്യമായാണ് ഒരു ഏഷ്യക്കാരൻ ബ്രിട്ടന്റെ ഏറ്റവും ഉയർന്ന പദവിയിലെത്തുന്നതെന്ന പ്രത്യേകതയും ഋഷി സുനകിന്റെ ഈ നേട്ടത്തിനുണ്ട്. ഇന്ത്യയെയും ഇന്ത്യയുടെ പാരമ്പര്യത്തെയും എപ്പോഴും മുറുകെ പിടിക്കുന്ന അടിയുറച്ച ഹിന്ദു വിശ്വാസിയാണ് സുനക്. യോക്ക് ഷെയറിൽ നിന്ന് എംപി ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭഗവത്ഗീതയിൽ തൊട്ടായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്ന ആദ്യത്തെയാളായിരുന്നു സുനക്. ഏറെ സമ്മർദ്ദമുണ്ടാകുന്ന സാഹചര്യത്തിലും പ്രതിസന്ധിഘട്ടങ്ങളിലും ഭഗവത്ഗീതയെയാണ് ആശ്രയിക്കാറുള്ളതെന്ന് അദ്ദേഹം നേരത്തെ പരാമർശിച്ചിട്ടുമുണ്ട്.
ഇന്ത്യൻ പൈതൃകങ്ങളെയും മൂല്യങ്ങളെയും എന്നും നെഞ്ചോട് ചേർക്കുന്നയാളാണ് താനെന്ന് സുനക് പറഞ്ഞിരുന്നു. ഇന്ത്യൻ സംസ്‌കാരത്തെ കുറിച്ചും പൈതൃകത്തെ കുറിച്ചും കുടുംബം നിരന്തരം ഓർമ്മിപ്പിക്കാറുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. തിരക്കേറിയ ജീവിതത്തിൽ ഇന്ത്യയിൽ സന്ദർശനം നടത്താനും സുനക് മറക്കാറില്ല. ഭാര്യ അക്ഷതയ്‌ക്കൊപ്പം ബെംഗളൂരുവിലെത്തി ബന്ധുക്കളെയും അദ്ദേഹം കാണാറുണ്ട്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തിയുടെ മകളാണ് ഋഷി സുനകിന്റെ ഭാര്യ അക്ഷത. 2009ലാണ് അക്ഷതയുമായുള്ള വിവാഹം നടക്കുന്നത്. കൃഷ്ണ, അനൗഷ്‌ക എന്നീ രണ്ട് മക്കളും ഇവർക്കുണ്ട്.
പഞ്ചാബിൽ ജനിച്ചവരാണ് സുനകിന്റെ പൂർവ്വീകർ. ആദ്യം കിഴക്കൻ ആഫ്രിക്കയിലേക്കും പിന്നീട് ബ്രിട്ടണിലേക്കും അവർ കുടിയേറുകയായിരുന്നു. ഡോക്ടറായ യശ്വീർ സുനകിന്റെയും ഫാർമസിസ്റ്റായ ഉഷയുടെയും മകനായി 1980-ൽ ഹാംപ്‌ഷെയറിലെ തുറമുഖ നഗരമായ സതാംപ്ടണിലാണ് ഋഷി സുനകിന്റെ ജനനം. ബ്രിട്ടണിലെ ഓക്സ്ഫോർഡിലും യുഎസിലെ സ്റ്റാൻഫോഡിലുമായിരുന്നു പഠനം. പൊളിറ്റിക്‌സും സാമ്പത്തിക ശാസ്ത്രവുമായിരുന്നു പഠനവിഷയങ്ങൾ. പിന്നീട് വൻകിട കമ്പനികളിൽ വരെ സ്വന്തമായി നിക്ഷേപ സഹായ കമ്പനി രൂപീകരിച്ചും മികച്ച രീതിയിൽ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതിനിടയിലാണ് 33-ാം വയസിൽ സുനക് രാഷ്‌ട്രീയത്തിലെത്തുന്നത്. 2014-ൽ കൺസർവേറ്റീവ് പാർട്ടിയിലൂടെ രാഷ്‌ട്രീയത്തിലെത്തിയ അദ്ദേഹം 2015-ൽ വിദേശകാര്യമന്ത്രിയായി. തുടർന്ന് ബോറിസ് ജോൺസണിന്റെ കാലത്ത് ട്രഷറി ചീഫ് സെക്രട്ടറിയായും ധനമന്ത്രിയായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഇപ്പോഴിതാ കപ്പിനും ചുണ്ടിനുമിടയിൽ ആദ്യം നഷ്ടമായ പദവി അദ്ദേഹത്തെ വീണ്ടും തേടിയെത്തുമ്പോൾ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബ്രിട്ടണ് പരിഹാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments