ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താര ജനഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ദ്യശ്യ മികവിലും അഭിനയത്തിലും കഥയിലും മുന്നിട്ടു നിൽക്കുന്ന ചിത്രം കന്നഡ സിനിമയിൽ വലിയ ചലനമാണ് സൃഷ്ടിച്ചിരിക്കുന്നത്. ബിഗ് ബജറ്റിൽ വന്ന കെജിഎഫ് 2-വിന്റെ സ്വീകാര്യതയെ പോലും മറികടക്കാൻ ഋഷഭ് ഷെട്ടിയുടെ കാന്താരയ്ക്ക് കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തെ ഇതിനോടകം പ്രശംസിച്ച് രംഗത്ത് വന്നിട്ടുള്ളത്. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂപ്പർസ്റ്റാർ രജനീകാന്ത്.
‘അറിയുന്നതിനേക്കാൾ കൂടുതലാണ് അജ്ഞാതമായത്. കാന്താര സിനിമ എന്നിൽ രോമാഞ്ചം സൃഷ്ടിച്ചു. ഒരു എഴുത്തുകാരൻ, സംവിധായകൻ, നടൻ എന്നീ നിലകളിൽ ഋഷഭ് തിളങ്ങി. താങ്കൾക്ക് അഭിവാദ്യങ്ങൾ. ഇന്ത്യൻ സിനിമയിലെ ഈ മാസ്റ്റർപീസിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു,’ എന്നാണ് രജനികാന്ത് ട്വീറ്ററിൽ കുറിച്ചിരിക്കുന്നത്.രാജ്യത്താകമാനം വിസ്മയം സൃഷ്ടിക്കുകയാണ് കാന്താര. മൂന്നു കാലഘട്ടങ്ങളിലായി നീണ്ടുകിടക്കുന്ന കാന്താരയുടെ യാത്ര തുടങ്ങുന്നത് ഒരു മുത്തശ്ശിക്കഥയിലൂടെയാണ്.
പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്ക്ക് കാന്താര കൂട്ടി കൊണ്ടു പോകുന്നു. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. മിത്തും മണ്ണും മനുഷ്യനും കൂടിച്ചേർന്ന മാന്ത്രികതയാണ് കാന്താര. സെപ്റ്റംബർ 30-നാണ് ചിത്രം റിലീസ് ചെയ്തത്. 11 ദിവസം കൊണ്ട് കർണാടകയിൽ നിന്നു മാത്രം 60 കോടി നേടിയ ചിത്രം 170 കോടിയിലധികം കളക്ഷൻ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. ഹൊംബാലെയുടെ ബാനറിൽ വിജയ് കിരഗണ്ഡൂർ നിർമ്മിച്ച ചിത്രത്തിൽ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
Comments