ജിത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കൂമൻ. ആസിഫ് അലി നായകനാകുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ സിനിമാ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. ഹിറ്റുകളുടെ സംവിധായകനും യുവനടന്മാരിൽ വ്യത്യസ്തത തിരഞ്ഞു പോകാറുള്ള ആസിഫ് അലിയും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്കുള്ളത്. ആ പ്രതീക്ഷ ഇരട്ടിയാക്കുന്ന സിനിമയുടെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പൂർണ്ണമായും ത്രില്ലർ മൂഡിൽ സഞ്ചിരിക്കുന്ന ചിത്രമായിരിക്കും കൂമൻ. കെ.ആർ കൃഷ്ണകുമാറാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.
പോലീസ് കോൺസ്റ്റബിൾ ഗിരിശങ്കർ എന്ന കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിൽ വേഷമിടുന്നത്. കേരള -തമിഴ്നാട് അതിർത്തി മേഖലയിൽ ഒരു മലയോര ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പ്രദേശത്തെ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥൻ, പിന്നാലെ നടക്കുന്ന അസാധരണ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഏറെ നിഗൂഢത നിറഞ്ഞ ട്രെയിലറാണ് പുറത്തു വന്നിരിക്കുന്നത്.
ആൽവിൻ ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് കൂമൻ നിർമ്മിക്കുന്നത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിർമ്മാണം. അനൂപ് മേനോൻ, ബാബുരാജ്, രഞ്ജി പണിക്കർ, മേഘനാഥൻ, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, പൗളി വത്സൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം- വിഷ്ണു ശ്യാം, ഗാനങ്ങൾ -വിനായക് ശശികുമാർ, ഛായാഗ്രഹണം- സതീഷ് കുറുപ്പ്, എഡിറ്റിംഗ്- വി.എസ് വിനായക് എന്നിവർ നിർവ്വഹിക്കുന്നു. ചിത്രം നവംബർ 4-ന് തിയറ്ററുകളിലെത്തും.
Comments