ബംഗളൂരു : അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന സിനിമയുടെ വിജയത്തിനായി ക്ഷേത്രങ്ങളിൽ പൂജനടത്തി ഭാര്യ അശ്വിനി. ഗന്ധദ ഗുഡി എന്ന ചിത്രത്തിന്റെ വിജയത്തിനായാണ് അശ്വിനി പൂജ നടത്തിയത്. മൈസൂരുവിലെ ചാമുണ്ഡേശ്വരിക്ഷേത്രം, ശ്രീരംഗപട്ടണയിലെ നിമിഷാംബ ക്ഷേത്രം എന്നിവിടങ്ങളിലാണ് അവർ നേരിട്ടെത്തി പൂജയും വഴിപാടുകളും നടത്തിയത്. ദർശനം നടത്തവേ ചിത്രത്തിന്റെ സംവിധായകനായ അമോഘവർഷയും ഒപ്പമുണ്ടായിരുന്നു.
ഈ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിക്കവേ പുനീത് ചിത്രത്തിന്റെ വിജയത്തിനായി നിമിഷാംബ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അശ്വിനിയും ക്ഷേത്രത്തിലെത്തിയത്. പുനീത് ദേവിയുടെ കടുത്ത ഭക്തനായിരുന്നു.
ഗഞ്ചമിലാണ് നിമിഷാംബ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
400 വർഷങ്ങൾക്ക് മുമ്പ് രാജ വാഡിയാർ പണികഴിപ്പിച്ച പാർവതി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. കാവേരി നദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ കൊത്തിവച്ചിരിക്കുന്ന ദേവിയുടെ വിഗ്രഹവും ശ്രീ ചക്രവും വളരെ വിശേഷപ്പെട്ടതാണ്.
പുനീത് ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് ക്ഷേത്ര തന്ത്രി സൂര്യനാരായണ ഭട്ട് പറഞ്ഞു. തന്റെ പുതിയ സിനിമ തിയേറ്ററുകളിൽ എത്തുമ്പോഴെല്ലാം അദ്ദേഹം ഇവിടെ വരുമായിരുന്നു. ഇന്ന് അദ്ദേഹം നമ്മെ വിട്ട് പോയത് വളരെ സങ്കടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്കുമാറിനൊപ്പമുള്ള തന്റെ യാത്ര തുടങ്ങിയിട്ട് ഒക്ടോബർ 29ന് രണ്ട് വർഷം പിന്നിട്ടു. ഇതിഹാസ താരം ഞങ്ങൾക്ക് നൽകിയ അവസാന കഥയാണിതെന്നും സംവിധായകൻ അമോഘവർഷ പറഞ്ഞു.
Comments