മമ്മൂട്ടി എന്ന നടന്റെ സിനമാ ജീവിതത്തിലെ മികച്ച ചിത്രങ്ങളിലെ ഒന്നായിരുന്നു ബിഗ് ബി. ചിത്രം പോലെ തന്നെ ബിലാൽ ജോൺ കുരിശിങ്കൽ എന്ന താരത്തിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.റിലീസ് ചെയ്ത സമയത്ത് പരാജയം നേരിട്ട സിനിമ പക്ഷേ വർഷങ്ങൾക്കിപ്പുറം ആഘോഷിക്കപ്പെട്ടു എന്നതാണ് വസ്തുത. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്തയ്‌ക്ക് ഏറെ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവരുന്നത്. ഫ്രൈഡെ മാറ്റിനിയാണ് ത് സംബന്ധിച്ച വിവരങ്ങൾ ട്വീറ്റ് ചെയ്തത്.
2023ഓടെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഫ്രൈഡെ മാറ്റിനിയുടെ ട്വീറ്റ്.സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുകയെന്നും ഇവർ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല. നിമിഷ നേരം കൊണ്ട് തന്നെ ട്വീറ്റ് വൈറലായി മാറിയിരിക്കുകയാണ്.
2007ലാണ് അമൽ നീരദ് സംവിധാനം ചെയ്ത’ബിഗ് ബി’ റിലീസ് ചെയ്തത്. 2005ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോർ ബ്രദേഴ്‌സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ബിഗ് ബി, ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതികത്തികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.മനോജ് കെ ജയൻ, ബാല, മംമ്ത മോഹൻദാസ് തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരന്നത്. കൊച്ചിയിലെ സാമൂഹ്യ പ്രവർത്തകയായ മേരി ടീച്ചർ എന്ന് അറിയപ്പെടുന്ന മേരി ജോൺ കുരിശിങ്കലിന്റെ കൊലപാതകത്തോടെയാണ് കഥ ആരംഭിക്കുന്നത്. ശേഷം ഇതിനെ ആധാരമാക്കി കഥ മുന്നോട്ട് പോകുന്നു.
മമ്മൂട്ടിയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം റോഷാക്കാണ്. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ത്രില്ലർ ചിത്രമാണ് റോഷാക്ക്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.















