തിരുവനന്തപുരം : ഷാരോൺ കൊലപാതകക്കേസിൽ പ്രതികളെ കണ്ടെത്തിയ സാഹചര്യത്തിൽ നിയമോപദേശം തേടി അന്വേഷണ സംഘം. തമിഴ്നാട് പരിധിയിൽ പെടുന്ന കന്യാകുമാരി ജില്ലയിലെ രാമവർമൻചിറയിലാണ് ഗ്രീഷ്മയുടെ വീട്. ഈ വീട്ടിൽ വെച്ചാണ് ഗൂഢാലോചനയും കൊലപാതക ശ്രമവും നടന്നത്. ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചാണ് കഷായത്തിൽ കീടനാശിനി കലർത്തി നൽകിയത് എന്നാണ് പ്രതികളുടെ മൊഴി. തമിഴ്നാട്ടിലെ പളുകൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പെടുന്ന സ്ഥലമായത് കൊണ്ടാണ് പോലീസ് നിയമോപദേശം തേടാനൊരുങ്ങുന്നത്.
അതേസമയം ഷാരോണിന്റെ മരണത്തിൽ പാറശാല പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീടത് ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. പ്രതിയും ഇരയും രണ്ട് സംസ്ഥാനങ്ങളുടെ പരിധിയിലായത് കൊണ്ട് തുടരന്വേഷണത്തിന് നിയമപ്രശ്നങ്ങളുണ്ടോ എന്ന കാര്യത്തിൽ നിയമോപദേശം തേടും. കേസ് തമിഴ്നാട് പോലീസിന് കൈമാറേണ്ടതുണ്ടോ എന്നും അന്വേഷിക്കും. കേസിൽ തമിഴ്നാട് പൊലീസും കേരള പോലീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
അതേസമയം ഷാരോണിന് നൽകിയ വിഷം സൂക്ഷിച്ചിരുന്ന വിഷക്കുപ്പി പോലീസ് കണ്ടെടുത്തു. ഗ്രീഷ്മയുടെ വീടിന് പരിസരത്ത് നിന്നാണ് വിഷക്കുപ്പി കണ്ടെടുത്തത്. ഗ്രീഷ്മയുടെ അമ്മാവനാണ് വിഷക്കുപ്പി പോലീസിന് കാണിച്ചുകൊടുത്തത്.
Comments