ചെന്നൈ: നീണ്ട പതിനൊന്ന് മാസത്തെ കഠിനപരിശീലനത്തിന് ശേഷം ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയിരിക്കുകയാണ് ലഡാക്ക് സ്വദേശിനിയായ ഹർവീൺ കൗർ
.പറക്കമുറ്റാത്ത സ്വന്തം കുഞ്ഞിനെ മാറോടണച്ച് മുത്തം നൽകിയാണ് ഹർവീൺ തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചതിനെ കുറിച്ച് മനസു തുറന്നത്.
2019 ൽ രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരജവാനായ മേജർ കെപിഎസ് കഹ്ലോണിന്റെ പ്രിയ പത്‌നിയാണ് ഹർവീൺ കൗർ. അഞ്ചുമാസം ഗർഭിണിയായിരിക്കെയാണ് അവർക്ക് തന്റെ ഭർത്താവിനെ നഷ്ടപ്പെട്ടത്.
സൈനിക യൂണിഫോമിൽ സേവനം അനുഷ്ടിക്കുന്നതിനെ പൊരുതിവീണ ഭർത്താവിന്റെ ഓർമ്മകളിൽ കണ്ണീർ പൊഴിച്ചിരിക്കുന്നതിന് പകരം, രാഷ്‌ട്രസേവനമെന്ന ഭർത്താവിന്റെ ജീവിത വഴി തന്നെ തിരഞ്ഞെടുക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.വിധവയായ പറക്കമുറ്റാത്ത കുഞ്ഞിന്റെ അമ്മയായ അവരെ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും കെപിഎസ് കഹ്ലോണിന്റെ പത്‌നിയുടെ തീരുമാനം ഉറച്ചതായിരുന്നു.
മകനെ വേർപിരിഞ്ഞ് പിന്നീടങ്ങോട്ട് കഠിനപരിശീലനം. ഒടുവിൽ ഭർത്താവ് ജീവനായി കണ്ടിരുന്ന സൈനിക യൂണിഫോം അണിഞ്ഞ് ഇന്ത്യൻ സേനയുടെ ഭാഗമായി മാറി. എന്റ് മകൻ അവന്റെ അച്ഛനെ കണ്ടിട്ടില്ല. പക്ഷേ അച്ഛൻ സൈനികനായിരുന്നുവെന്ന് അറിയാം, ഇനി എന്നിൽ അവൻ അച്ഛനെയും കാണും.അതിനായി ഞാനീ വേഷത്തിൽ ഇവിടെ കാണും എന്നാണ് സേനയുടെ ഭാഗമായ ശേഷം ഹർവീൺ കൗർ പ്രതികരിച്ചത്. മാതൃത്വമാണോ ദേശീയതയാണോ ആദ്യം എന്ന ചോദ്യത്തിന് ദേശീയത എന്നാണ് അവർ ഉത്തരം നൽകിയത്.
ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ 186 പേരാണ് കഴിഞ്ഞ ദിവസം സൈന്യത്തിന്റെ ഭാഗമായത്. 35 വനിതകൾ ഉൾപ്പെടെയാണ് പാസിംഗ് ഔട്ട് പരേഡ് നടത്തിയത്.















