പ്രണയിക്കാൻ പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച നിരവധി പേരുണ്ട് നമുക്കിടയിൽ. ഏത് പ്രായത്തിലും എവിടെയാണെങ്കിലും രണ്ട് പേർക്ക് പ്രണയിക്കാൻ ഒന്നും തടസ്സമാവില്ലെന്ന് ഇവർ നമുക്കോരോരുത്തർക്കും പറഞ്ഞുതരുന്നു. അത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ് പാകിസ്താൻ യുവാവിന്റെയും പോളിഷ് വനിതയുടെയും പ്രണയകഥ. 28 കാരനായ ഹാഫിസ് മുഹമ്മദ് നദീമും 83 കാരിയായ ബ്രോമയുമാണ് താരങ്ങൾ.
പോളണ്ട് സ്വദേശിനിയായ ബ്രോമ തന്റെ കാമുകനെ വിവാഹം കഴിക്കാൻ അതിർത്തി കടന്ന് പാകിസ്താനിലെത്തിയതോടെയാണ് ഈ പ്രണയകഥ പുറംലോകം അറിയുന്നത്. ഓട്ടോമെക്കാനിക്കാണ് ഹാഫിസ്. ആറ് വർഷം മുൻപാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീടത് സൗഹൃദമായി. സുഹൃദ് ബന്ധം പിന്നീട് പ്രണയബന്ധമായി. എന്നാൽ പരസ്പരം ഇരുവരും കണ്ടത് വിവാഹ വേദിയിൽ വെച്ചായിരുന്നു.
നദീം തന്റെ ബന്ധുവിനെ വിവാഹം കഴിക്കാനിരുന്നപ്പോഴാണ് ഇയാളെ തേടി ബ്രോമ എത്തിയത്. തുടർന്നാണ് ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത് എന്ന് നദീമിന്റെ ബന്ധുക്കൾ പറഞ്ഞു. ചുവപ്പ് നിറത്തിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ചാണ് ബ്രോമ വിവാഹ വേദിയിലെത്തിയത്. വർഷങ്ങളോളം പ്രണയിച്ച തന്റെ കാമുകിയെ ആദ്യമായി വിവാഹ വേഷത്തിൽ കണ്ടതോടെ നദീമിനും സന്തോഷമായി.















