വില്പനയിൽ മിന്നും പ്രകടനം കാഴ്ചവെച്ച് മാരുതി സുസുക്കി. ഒക്ടോബർ മാസത്തിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് മോഡലുകളുടെ പട്ടികയിൽ ഏഴ് എണ്ണവും മാരുതിയുടെ വാഹനങ്ങളാണ്. പ്രധാന ആകർഷണം എന്തെന്ന് പറഞ്ഞാൽ, ഓൾട്ടോയുടെ വമ്പൻ തിരിച്ചു വരവ് കാണാൻ സാധിച്ചു എന്നതാണ്. പട്ടികയിൽ ഒന്നാമതാണ് മാരുതിയുടെ പുതിയ ഓൾട്ടോ. ഒക്ടോബർ മാസത്തിൽ മോഡലിന്റെ 21,260 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ മാസം 20,000 യൂണിറ്റുകൾ വിറ്റഴിച്ച ഏക കാർ ആണ് മാരുതിയുടെ ഓൾട്ടോ. കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച് 29 ശതമാനം വളർച്ചയോടെ രാജ്യത്തുടനീളം 1.40 ലക്ഷം യൂണിറ്റുകൾക്ക് മേലെ കാറുകളാണ് വിറ്റഴിക്കപ്പെട്ടത്. പട്ടികയിൽ വ്യക്തമായ ആധിപത്യം പുലർത്തുന്നതാകട്ടെ മാരുതി സുസുക്കിയും.
പട്ടികയിൽ ഏഴ് മാരുതി കാറുകളും രണ്ട് ടാറ്റാ മോഡലുകളും ഹ്യൂണ്ടായിയുടെ ഒരു മോഡലുമാണ് ഇടം നേടിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാരുതിയുടെ ഓൾട്ടോ മിന്നിത്തിളങ്ങുകയാണ്. പട്ടികയിൽ രണ്ടാമത് വാഗണർ ആണ്. കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച് വാഗണറും വൻ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-ലെ ഒക്ടോബറിനെ വച്ചു നോക്കുമ്പോൾ 45 ശതമാനം വളർച്ചയാണ് വാഗണർ സ്വന്തമാക്കിയിരിക്കുന്നത്. 17,945 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിക്കപ്പെട്ടത്.
മൂന്നാം സ്ഥാനത്ത് തുടരുന്നതും മാരുതിയുടെ തന്നെ വാഹനമാണ്. സ്വിഫ്റ്റ് ആണ് മൂന്നാം സ്ഥാനത്ത്. മാരുതി സുസുക്കിയുടെ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കുന്ന മറ്റൊരു മോഡലാണ് സ്വിഫ്റ്റ്. 17,231 യൂണിറ്റുകളാണ് ഒക്ടോബർ മാസം സ്വിഫ്റ്റ് വിറ്റഴിക്കപ്പെട്ടത്. നാലാം സ്ഥാനത്ത് 17,149 യൂണിറ്റുകൾ വിറ്റഴിച്ചു കൊണ്ട് ബലേനോയാണ്. അഞ്ചാം സ്ഥാനത്താണ് ടാറ്റയുടെ മോഡൽ ഇടം നേടിയിരിക്കുന്നത്. 13,767 യൂണിറ്റുകൾ വിറ്റഴിച്ചു കൊണ്ട് ടാറ്റയുടെ നെക്‌സോൺ ആണ് അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 6-ാം സ്ഥാനത്ത് മാരുതി ഡിസയർ(12,321), 7-ാം സ്ഥാനം ഹ്യൂണ്ടായ് ക്രറ്റ(11,880), 8-ാം സ്ഥാനം ടാറ്റാ പഞ്ച്(10,982), 9-ാം സ്ഥാനത്ത് മാരുതി എർട്ടിഗ(10,494) എന്നിങ്ങനെ തുടരുമ്പോൾ പട്ടികയിൽ അവസാനം മാരുതിയുടെ ബ്രസ്സയാണ്. 9,941 യൂണിറ്റാണ് ഒക്ടോബർ മാസത്തിൽ ബ്രസ്സ വിറ്റഴിച്ചത്.
Comments