പാലക്കാട്: സിപിഎമ്മിന്റെ അധികാരദുർവിനിയോഗത്തിന് മറ്റൊരു തെളിവ് കൂടി പുറത്ത്. പ്രവേശനം വിലക്കിയ സ്വാശ്രയ മെഡിക്കൽ കോളേജിന് മുൻ മന്ത്രി കെ.കെ.ശൈലജ ഇടപെട്ട് സർട്ടിഫിക്കറ്റ് നൽകിയതിന്റെ രേഖയാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പാലക്കാട് ചെർപ്പുളശ്ശേരിയിലെ സ്വാശ്രയ മെഡിക്കൽ കോളേജിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് പുതുക്കി നൽകാൻ അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജ ടീച്ചർ ഇടപെട്ടെന്നാണ് വിവരം. ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് അവഗണിച്ചാണ് ഇടപെടൽ. ഇത് സംബന്ധിച്ച പരാതിയിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.
2018 ൽ ചെർപ്പുളശ്ശേരിയിലെ സ്വാശ്രയ കോളേജിന് വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനെ തുടർന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിലും ആരോഗ്യസർവകലാശാലയും ചേർന്ന് കോളേജിലെ 149 വിദ്യാർത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റിയിരുന്നു. പിന്നാലെ 2 വർഷത്തേക്ക് എംബിബിഎസ് പ്രവേശനം കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലക്കുകയും ചെയ്തു. വിലക്കിന്റെ കാലാവധി അവസാനിച്ചതോടെ 2020 ൽ കോഴ്‌സ് പുനരാരംഭിക്കാനായി എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിന് കോളജ് ആരോഗ്യ വകുപ്പിൽ അപേക്ഷ നൽകി.
എന്നാൽ കോളേജിലെ സൗകര്യക്കുറവും മുൻപ് വിദ്യാർത്ഥികളെ മറ്റ് കോളേജിലേക്ക് മാറ്റിയതും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി അനുമതി നൽകേണ്ടെന്ന് നിർദ്ദേശിച്ചു. എന്നാൽ നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് കോളേജിന് എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് റീവാലിഡേറ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുക എന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതനുസരിച്ച് കരട് തയ്യാറാക്കിയെങ്കിലും വിദ്യാർത്ഥികൾക്ക് ഒരു കോടിയോളം രൂപ കോളേജ് തിരിച്ചു നൽകാനുണ്ടെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. പണം തിരിച്ചുനൽകാത്ത സാഹചര്യത്തിൽ റവന്യു റിക്കവറി നടത്താൻ അഡ്മിഷൻ ആൻഡ് ഫീസ് റഗുലേറ്ററി കമ്മിറ്റി നടപടി ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. വിദ്യാർത്ഥികൾക്ക് നൽകാനുള്ള പണം തിരിച്ചുനൽകാൻ കോളേജിനോട് ആവശ്യപ്പെടണമെന്നും അതു നടപ്പിലാക്കിയ ശേഷം തീരുമാനമെടുക്കണമെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ ഫയലിൽ കുറിച്ചു. എന്നാൽ, സമയപരിധി ഉള്ളതിനാൽ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുക, തുടർന്നു മറ്റു നടപടികൾ സ്വീകരിക്കുക എന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം.
ഇന്നലെ പുരാരേഖാ വകുപ്പിൽ കരാറിടസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ മന്ത്രി അഹമ്മദ് ദേവർകോവിൽ ഇടപെട്ടതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നിയമനം നടത്തുന്നതിന് ഡയറക്ടർക്ക് അനുമതി നൽകാൻ കഴിഞ്ഞ എപ്രിൽ രണ്ടിന് മന്ത്രി ഇ-ഫയൽവഴി ഉത്തരവിടുകയായിരുന്നു.എന്തുയോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഇവരെ പരിഗണിച്ചതെന്ന് ഫയലുകളിൽ വ്യക്തമല്ല.
മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ ജില്ലാ സെക്രട്ടറിക്ക് കത്തയച്ച് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത് വലിയ വിവാദമാകുന്നതിനിടെയാണ് മുൻ മന്ത്രിയുടെയും പുരാവസ്തുവകുപ്പ് മന്ത്രിയുടെയും ഇടപെടലുകൾ പുറത്ത് വരുന്നത്. സർക്കാർ ഓഫീസുകളെ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കേന്ദ്രങ്ങളാക്കി എൽ ഡിഎഫ് മാറ്റുന്നതിന്റെ തെളിവുകളാവുകയാണ് ഇത്.
Comments