ന്യൂഡൽഹി : പാകിസ്താനിൽ നിന്നെത്തിയ ഹിന്ദു കുടുംബങ്ങളിലേക്ക് വൈദ്യുതിയെത്തിക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. 200 ഓളം ഹിന്ദു കുടുബങ്ങളിലേക്ക് വെളിച്ചമെത്തിക്കാൻ ടാറ്റ പവർ ഡൽഹി ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡിനോടാണ് നിർദ്ദേശിച്ചത്. വടക്കൻ ഡൽഹിയിലെ ആദർശ് നഗറിലാണ് ഈ കുടുംബങ്ങൾ വർഷങ്ങളായി താമസിക്കുന്നത്.
പാകിസ്താനിൽ നിന്ന് കുടിയേറി വന്ന ഇവർക്ക് കേന്ദ്ര സർക്കാർ ആധാർ കാർഡും വിസയും അനുവദിച്ച് നൽകിയിട്ടുണ്ട്. എന്നാൽ എല്ലാവർക്കും സൗജന്യ വൈദ്യുതി നൽകുന്നുവെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഈ കുടുംബങ്ങളെ പൂർണമായും അവഗണിച്ചുവെന്ന് ഹരിഓം എന്നയാൾ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ പറയുന്നു. ചേരികളിലാണ് ഇവർ താമസിക്കുന്നത്. ഈ കുടുംബങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള ഒരു നടപടിയും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നില്ലെന്നാണ് വിമർശനം.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഇവിടെ വളരെ ദുരിതത്തിലാണെന്ന് ഹർജിയിൽ പറയുന്നുണ്ട്. ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ്മ, സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ജനങ്ങൾ ഇപ്പോൾ താമസിക്കുന്ന വസ്തുവിന്റെ ഉടമസ്ഥാവകാശമുള്ള പ്രതിരോധ മന്ത്രാലയം ഇതിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകിയതിനെ തുടർന്നാണ് ബെഞ്ച് നിർണായക തീരുമാനമെടുത്തത്.















