ബംഗളൂരു : ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അദ്ധ്യാപകൻ പിടിയിൽ. ബംഗളൂരുവിലെ സ്കൂളിലാണ് സംഭവം. വിദ്യാർത്ഥിനികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 54 കാരനായ അഞ്ജനപ്പയെയാണ് പോലീസ് പിടികൂടിയത്. പതിനഞ്ചോളം വിദ്യാർത്ഥികളെ ഇയാൾ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തൽ.
സ്കൂളിലെ ഫിസിക്കൽ ട്രെയ്നിംഗ് അദ്ധ്യാപകനാണ് ഇയാൾ. ക്ലാസിനിടെയും മറ്റും ഇയാൾ കുട്ടികളെ ചുംബിക്കുമായിരുന്നു. കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. ഇക്കാര്യം സ്കൂൾ അധികൃതരെ അറിയിക്കരുതെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പത്തോളം കുട്ടികൾ ഇത് രക്ഷിതാക്കളെ അറിയിച്ചു. മാതാപിതാക്കളാണ് അദ്ധ്യാപകനെതിരെ പരാതി നൽകിയത്.
മൂന്ന് മാസത്തോളമായി ഇയാൾ കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. തുടർന്ന് സ്കൂളിലെ പ്രധാനാദ്ധ്യാപകനും ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Comments