ഇസ്താംബൂൾ: തുർക്കിയിൽ നടന്ന സ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ആറ് പേർ കൊല്ലപ്പെട്ടതായും 53 പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ട്. സംഭവം ചാവേർ ആക്രമണമാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
തുർക്കിയുടെ സാമ്പത്തിക നഗരമായ ഇസ്താംബൂളിലെ തിരക്കേറിയ തെരുവിൽ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു ആക്രമണം. ഭീകരാക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നതായി തുർക്കിഷ് പ്രസിഡന്റ് തയ്യിപ്പ് എർദോഗൻ പറഞ്ഞു.
പ്രാഥമിക തെളിവുകൾ അനുസരിച്ച് തീവ്രവാദ ആക്രമണമാണെന്ന സൂചനയാണ് ലഭിക്കുന്നത്. എന്നാൽ അക്കാര്യം ഉറപ്പിച്ച് പറയാൻ ഇപ്പോൾ കഴിയില്ല. പക്ഷെ ഭീകരാക്രമണത്തിന്റെ ഒരു ഗന്ധം ലഭിക്കുന്നുണ്ടെന്നത് സുനിശ്ചിതമാണെന്ന് എർദോഗൻ പറഞ്ഞു. സംഭവസ്ഥലത്ത് നിലവിൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.
നിരവധി വിനോദ സഞ്ചാരികളും സാധാരണക്കാരും സഞ്ചരിക്കുന്ന ഇസ്താംബൂളിലെ ഇസ്തിക്‌ലാൽ തെരുവിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. തിരക്കേറിയ തെരുവിലൂടെ ആളുകൾ നടന്നുപോകുന്നതിനിടെ സ്ഫോടനമുണ്ടാകുകയായിരുന്നു. തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ ഓടുന്നതിന്റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. നേരത്തെ ഐഎസ് ഭീകരർ ആക്രമണം നടത്തുകയും അഞ്ഞൂറോളം പേർ മരിക്കുകയും ചെയ്ത തെരുവിലാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.
Comments