ന്യൂഡൽഹി : സർവകലാശാല ചാൻസലറായി താൻ തന്നെ തുടരുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിൽ പുതിയ വിസിമാർ വരുമെന്നും പുതിയ സേർച്ച് കമ്മിറ്റി രൂപീകരിച്ച് നിയമനടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയോടാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
സർക്കാരിന്റെ ഓർഡിനൻസിൽ ഒപ്പിടില്ല എന്നാണ് ഇതിലൂടെ ഗവർണർ വ്യക്തമാക്കിയത്. ചാൻസലർ പദവി ഒഴിയില്ലെന്നും ഗവർണർ പറഞ്ഞു. പുതിയ സേർച്ച് കമ്മിറ്റി രൂപീകരിക്കുമെന്നും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഇടത് പക്ഷം പ്രക്ഷോഭം നടത്തിയത് ജനാധിപത്യപരമായ അവകാശമാണ്. വിസിമാരുടെ നിയമനവുമായി താൻ മുന്നോട്ട് പോകും. സർക്കാരിന്റെ സമ്മർദ്ദങ്ങൾക്ക് അടിപ്പെടില്ലെന്നും സർക്കാരിന്റെ നീക്കങ്ങളെ നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ ഓർഡിനൻസ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ട തന്റെ നിലപാടാണ് ഗവർണർ വ്യക്തമാക്കിയത്. ഇത് സർക്കാരിന് വൻ തിരിച്ചടിയാകുമെന്നാണ് സൂചന.
താൻ ഡൽഹിയിലേക്ക് പുറപ്പെടുന്നത് വരെ തന്റെ പക്കലേക്ക് സർക്കാരിന്റെ ഒരു ഓർഡിനൻസും എത്തിയിരുന്നില്ലെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. സർവകലാശാലകളെ ഭരണകക്ഷിയുടെ വകുപ്പാക്കി മാറ്റാൻ കഴിയില്ല. കേരളത്തിൽ 13 സർവകലാശാലകളാണ് ഉണ്ടായിരുന്നത്. അവിടെയെല്ലാം നൂറ് കണക്കിന് നിയമവിരുദ്ധ നിയമനങ്ങളാണ് നടന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments