ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിൽമോചിതരാക്കിയ സുപ്രീംകോടതി വിധിയ്ക്കെതിരെ കേന്ദ്രസർക്കാർ. പ്രതികളെ ജയിൽമോചിതരാക്കിക്കൊണ്ടുള്ള വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജി നൽകി. തമിഴ്നാട് സ്വദേശിനി നളിനി ശ്രീഹരൻ ഉൾപ്പെടെ ആറ് പ്രതികളെയാണ് ജയിൽ മോചിതരാക്കിയത്.
ഈ മാസം 11 നായിരുന്നു സുപ്രീംകോടതി വിധി. ശിക്ഷയിൽ ഇളവ് നൽകിയത് ഇന്ത്യൻ സർക്കാരിന്റെ വാദം പൂർണമായി കേൾക്കാതെയാണെന്ന് ഹർജിയിൽ പറയുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയെ വധിച്ച വിദേശ ഭീകരനെയുൾപ്പെടെ കുറ്റവിമുക്തരാക്കുന്നത് ലോകത്തിന് തെറ്റായ സന്ദേശം നൽകും. അതിനാൽ തീരുമാനം പുന:പരിശോധിക്കണം. ഇത്തരത്തിലുള്ള വിഷയങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പൊതുജനത്തിന്റെ സമാധാനത്തെ അത് ബാധിക്കുമെന്നും കേന്ദ്രം പറയുന്നു.
ജസ്റ്റിസുമാരായ ബി ആർ ഗവായ്, ബി.വി നാഗരത്ന എന്നിവരുടെ ബെഞ്ചാണ് പ്രതികളെ ജയിൽ മോചിതരാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്. അറസ്റ്റിലായ പ്രതികൾ 20 വർഷത്തിലധികമായി ജയിൽ വാസം അനുഭവിച്ചെന്ന് നിരീക്ഷിച്ചായിരുന്നു കോടതി കുറ്റവിമുക്തരാക്കിയത്. ഈ ശിക്ഷാ കാലയളവ് പര്യാപ്തമാണ്. വിധി പ്രസ്താവിക്കുന്നതിനിടെ നളിനി സ്ത്രീയാണെന്ന പരിഗണനയും കോടതി നൽകിയിരുന്നു. നളിനിയ്ക്ക് പുറേ രവിരാജ്, മുരുഗൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. കേസിലെ പ്രധാന പ്രതിയായ പേരറിവാളനെ ആറ് മാസങ്ങൾക്ക് മുൻപ് കോടതി മോചിപ്പിച്ചിരുന്നു. ഭരണഘടനയുടെ 142 ാം വകുപ്പ് പ്രകാരമുളള പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ഇവരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്.
Comments