ബംഗളൂരു: പാക് അനുകൂല മുദ്രാവാക്യം വിളിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബംഗളൂരു ന്യൂ ഹൊറൈസൺ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം വർഷ വിദ്യാർത്ഥികളായ ബംഗളൂരു സ്വദേശി ആര്യൻ, ധവാൻഗരേ സ്വദേശി റിയ രവിചന്ദ്ര, ആന്ധ്ര പ്രദേശ് സ്വദേശി ദിനകർ എന്നിവരാണ് അറസ്റ്റിലായത്.
ആര്യനും റിയയുമാണ് മുദ്രാവാക്യം വിളിച്ചത്. ദിനകർ ദൃശ്യങ്ങൾ പകർത്തുകയും മുദ്രാവാക്യം ആവർത്തിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥി വീഡിയോ സുഹൃത്തിക്കൾക്കിടയിൽ പങ്കുവെയ്ക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കോളേജിൽ നടന്ന സാംസ്കാരിക പരിപാടിയിലായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ മറ്റ് വിദ്യാർത്ഥികളും മൂവരെയും ചോദ്യം ചെയ്തിരുന്നു. ചില വിദ്യാർത്ഥികൾ ആര്യനെ മർദ്ദിക്കുകയും ചെയ്തു. മുതിർന്ന വിദ്യാർത്ഥികൾ ആര്യനെ കൊണ്ട് മാപ്പ് പറയ്ക്കുകയും ചെയ്തു.
മൂന്ന് പേർക്കെതിരെയും പോലീസ് കേസെടുത്തു. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തിൽ പ്രകോപനം സൃഷ്ടിച്ചതിനാണ് കേസ്. വിനോദത്തിനായാണ് മുദ്രാവാക്യം വിളിച്ചതെന്നും ഇതിന് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ ഇല്ലെന്നും വിദ്യാർത്ഥികൾ പോലീസിന്റെ ചോദ്യം ചെയ്യലിനിടയിൽ പറഞ്ഞിരുന്നു. എന്നിരുന്നാലും പോലീസ് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Comments