തിരുവനന്തപുരം:സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. രണ്ടു ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 38880 രൂപയും ഗ്രാമിന് 4860 രൂപയുമാണ് ഇന്നത്തെ വില.
നവംബർ 17 ന് പവന് 600 രൂപ കൂടി 39,000 രൂപയിലെത്തിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. നവംബർ 4 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമാണ് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്.
കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്ത് ഏകീകൃത സ്വർണവില സമ്പ്രദായം നടപ്പിലാക്കിയിരുന്നു.ബാങ്ക് നിരക്കുകൾ അടിസ്ഥാനമാക്കിയുള്ള ഒറ്റവിലയായിരിക്കും ഈടാക്കുക. ഇതോടെ ‘ഒരു ഇന്ത്യ, ഒരു സ്വർണ്ണ നിരക്ക്’ നയം നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി.916 പരിശുദ്ധിയുള്ള 22 കാരറ്റ് സ്വർണത്തിനും ഇത് ബാധകമാകും.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷനാണ് കഴിഞ്ഞ 50 വർഷത്തിലധികമായി നിത്യേന സ്വർണ്ണവില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും അന്താരാഷ്‌ട്ര വിലയും, ബാങ്ക് നിരക്കുകളും പരിഗണിച്ച് രൂപയുടെ വിനിമയ നിരക്ക് അടിസ്ഥാനത്തിലാണ് ദിവസേന സ്വർണ വില നിശ്ചയിക്കുന്നത്.















