ശ്രീനഗർ: ജമ്മു കശ്മീരിൽ നിന്ന് ലഹരിമരുന്ന് ശേഖരം പിടികൂടി. ബരാമുള്ളയിലെ ഉറിയിൽ എഡി പോസ്റ്റിൽ സുരക്ഷാ സേനയുടെ സ്ഥിരം പരിശോധനയിലാണ് നാല് പായ്‌ക്കറ്റ് ഹെറോയിൻ കണ്ടെടുത്തത്. പ്രദേശത്ത് സംശയാസ്പദമായ രീതിയിൽ ഒരാളെ കണ്ടപ്പോൾ സുരക്ഷാ സേന തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് ശേഖരം കണ്ടെടുത്തത്. ഉറി സ്വദേശിയായ ഇംതിയാസ് അഹമ്മദ് ഭട്ടാണ് സുരക്ഷാ സേനയുടെ പിടിയിലായത്.
ഇയാൾ പ്രദേശത്ത് സ്ഥിരമായി മയക്കുമരുന്ന് വിൽക്കുന്നയാളാണെന്ന് പോലീസ് അറിയിച്ചു. സുരക്ഷാ സേന ചെക്ക്‌പോസ്റ്റിൽ ഉണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസവും ജമ്മുവിൽ നിന്ന് പോലീസ് മയക്കുമരുന്ന ശേഖരം കണ്ടെടുത്തിരുന്നു. 21.5 കിലോ ഹെറോയിനാണ് കണ്ടെത്തിയത്.















