ചിരഞ്ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ.എസ് രവീന്ദ്ര(ബോബി കൊല്ലി) സംവിധാനം ചെയ്യുന്ന സിനിമയിൽ ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്. ബോബി തന്നെയാണ് ചിത്രത്തിന്റെ കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. കോന വെങ്കട്, കെ ചക്രവര്‍ത്തി റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിരഞ്ജീവി ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തിലെ ‘ബോസ് പാര്‍ട്ടി’ എന്ന ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ലുങ്കി ധരിച്ച് ബീഡിയും വലിച്ചെത്തുന്ന മെഗാസ്റ്റാറിനെയാണ് പ്രമോ വീഡിയോയിൽ കാണാൻ കഴിയുന്നത്. തന്റെ ആരാധകർ ബോസ് എന്ന് വിളിക്കുന്ന ചിരഞ്ജീവിയുടെ നൃത്തമാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. എല്ലാവരും ആവേശം കൊള്ളാൻ തയ്യാറായിക്കോ എന്ന് സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് പ്രമോ വീഡിയോയിൽ പറയുന്നതും കാണാം.
ആര്‍തര്‍ എ വില്‍സണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ചിത്രസംയോജനം- നിരഞ്‍ജൻ ദേവറാമണെ, സംഘട്ടനം- റാം ലക്ഷ്‍മണയും നിർവ്വഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിര്‍മ്മാണം ജി.കെ മോഹന്‍. ചിരഞ്ജീവിയുടെ കരിയറിലെ 154-ാം ചിത്രമാണിത്.















