നിലവിളക്ക് സ്വർണനിറത്തിൽ തിളങ്ങി ഇരിക്കാനാണ് നാം ഇഷ്ടപ്പെടുക. എന്നാൽ വർഷങ്ങളായി ഉപയോഗിക്കുന്ന വിളക്കിന് ഈ ഭംഗി ഉണ്ടാകില്ല. കടയിൽ നിന്ന് വാങ്ങുന്ന കാലത്ത് വിളക്ക് സ്വർണം പോലെ തിളങ്ങുമെങ്കിലും മാസങ്ങൾ പിന്നിടുമ്പോൾ ഇരുണ്ട് വരാൻ തുടങ്ങും. പിന്നെ എത്ര ശ്രമിച്ചാലും വിളക്കിന് പഴയ ഭംഗി കൈവരാറില്ല. കരിപിടിച്ചിരിക്കുന്ന വിളക്ക് വൃത്തിയാക്കാനും ഇരുണ്ടുപോയ വിളക്കിന് തിളക്കം വരാനും നിരവധി സൂത്രവിദ്യകളുണ്ട്. അവയെന്താണെന്ന് നോക്കാം..
അൽപം വാളൻപുളിയെടുത്ത് നനച്ച് വിളക്കിൽ വെച്ച് നല്ലപോലെ തേച്ചുരച്ചാൽ വിളക്കിന്റെ ഇരുണ്ടനിറം മാറികിട്ടും. പുളി വെച്ച് തേയ്‌ക്കുന്നതിനൊപ്പം അൽപം ഡിഷ് വാഷ് ലിക്വിഡ് ചേർക്കാവുന്നതാണ്. കൂടാതെ ചെറുനാരങ്ങയുടെ ചെറിയ ഒരു കഷ്ണവും ഉൾപ്പെടുത്താം. ഇവ മൂന്നും കൂട്ടി, അൽപം വെള്ളവും ചേർത്ത് വിളക്കിന് മേൽ നല്ലപോലെ തേച്ചുരയ്‌ക്കുകയാണ് വേണ്ടത്. കഴുകിയെടുത്താൽ വിളക്ക് നന്നായി തിളങ്ങിയിരിക്കുന്നതാണ്.
അതുമല്ലെങ്കിൽ ഒരു തക്കാളിയെടുത്ത് അരിഞ്ഞ് അതിലേക്ക് അൽപം ബേക്കിംഗ്‌സോഡയും വിനാഗിരിയും ചേർത്ത് അരച്ചെടുക്കുക. ഈ മിശ്രിതം വിളക്കിൽ തേച്ചുപിടിപ്പിച്ചതിന് ശേഷം 15 മിനിറ്റ് വെക്കുക. പിന്നീട് സ്‌ക്രബ്ബർ ഉപയോഗിച്ച് വിളക്ക് തേച്ചാൽ നിലവിളക്ക് നല്ലപോലെ വൃത്തിയായി കിട്ടുന്നതാണ്. വിളക്കിലെ കരി പോകുകയും ഇരുണ്ട നിറം മാറി കിട്ടുകയും ചെയ്യും.















