ന്യൂഡൽഹി: നടപടികൾ വേഗത്തിലാക്കാനൊരുങ്ങി സുപ്രീം കോടതി. ക്രിമിനൽ അപ്പീലുകൾ, ഭൂമി ഏറ്റെടുക്കൽ, വാഹനാപകടങ്ങൾ, നികുതി വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ സുപ്രീം കോടതിയിൽ പ്രത്യേക ബെഞ്ചുകൾ ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു. അടുത്തയാഴ്ച മുതലാകും ഇവ പ്രാബല്യത്തിൽ വരിക.
ഭൂമി ഏറ്റെടുക്കൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ബെഞ്ചിന് ജസ്റ്റിസ് സൂര്യകാന്താകും നേതൃത്വം വഹിക്കുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മറ്റു ബെഞ്ചുകളുടെ നേതൃത്വം വഹിക്കുന്ന ജഡ്ജിമാരുടെ പേരുവിവരങ്ങൾ ഉടനെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നികുതി കേസുകൾ മാത്രം കൈകാര്യം ചെയ്യുന്ന പ്രത്യേക ബെഞ്ചിന് ചീഫ് ജസ്റ്റിസ് രൂപം നൽകിയിരുന്നു. പ്രത്യക്ഷവും പരോക്ഷവുമായ വിൽപന നികുതിയുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാനാണ് ടാക്സ് ബെഞ്ചെന്നും വാദം ബുധൻ, വെള്ളി ദിവസങ്ങളിൽ കേൾക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വ്യക്തി സ്വാതന്ത്ര്യത്തിനാകും പ്രഥമ പരിഗണന നൽകുകയെന്നും നിരവധി മാറ്റങ്ങൾ വരുത്തുമെന്നും ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഓരോ ദിവസവും 10 ജാമ്യാപേക്ഷകളും 10 കൈമാറ്റ ഹർജികളും കേൾക്കാനും പ്രമേയം പാസാക്കി.
Comments