ലക്നൗ: ഉത്തർപ്രദേശിൽ ആരോഗ്യരംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്താൻ യോഗി ആദിത്യനാഥ്. ആരോഗ്യരംഗത്തെ ഗുണനിലവാരം ഉറപ്പാക്കാനായി നഴ്സിംഗ്-പാരാമെഡിക്കൽ കോളേജുകളിൽ കൃത്യമായ പരിശോധനകൾ നടത്താനാണ് പദ്ധതി. മിഷൻ നിരാമയ എന്ന പേരിലാണ് പ്രത്യേക ഗുണനിലവാര പരിശോധനാ പദ്ധതി നിലവിൽ വന്നിരിക്കുന്നത്. ഏറ്റവും മികച്ച ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള സമിതിയ്ക്കാണ് മേൽനോട്ട ചുമതല. ദേശീയ മാനദണ്ഡമനുസരിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും യോഗി പറഞ്ഞു.
എല്ലാ നഴ്സിംഗ്-പാരാമെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പഠനം, പരീക്ഷകൾ, പാഠ്യേതര പ്രവർത്തനങ്ങൾ, പ്രായോഗിക ആരോഗ്യ-ചികിത്സാ പരിശീലനങ്ങൾ, ഉപകരണ ങ്ങളുടെ ലഭ്യത, ശുചിത്വം, വിദ്യാർത്ഥികളുടെ പൊതുബോധം, സ്വഭാവ രൂപീകരണം തുടങ്ങി നിരവധി കാര്യങ്ങൾ കർശനമായി പാലിക്കാനും നിരീക്ഷിക്കാനുമാണ് സമിതി പ്രവർത്തി ക്കുക.
സംസ്ഥാന ആരോഗ്യവകുപ്പിന് കൃത്യമായ ഇടവേളകളിൽ നിർദ്ദേശം നൽകാനും മാറ്റങ്ങൾ കൊണ്ടുവരാനും സമിതി പ്രവർത്തിക്കും. വിദ്യാർത്ഥികളുമായി നേരിട്ട് സംവദിക്കാനും പ്രശ്നങ്ങൾ മനസ്സിലാക്കാനും സാധിക്കുന്നതിലൂടെ പൊതുനിലവാരം വർദ്ധിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
മിഷൻ നിരാമയയുടെ ആദ്യ പാദ അവലോകനം 2023ൽ തന്നെ നടക്കും. സ്വയം മൂല്യ നിർണ്ണയ അവസരം സ്ഥാപനങ്ങൾക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നൽകും. രണ്ടാം ഘട്ടമായി ആരോഗ്യ രംഗത്തെ ഉന്നത തല സമിതി നേരിട്ട് സ്ഥാപനങ്ങൾ സന്ദർശിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. മികച്ച സ്ഥാപനങ്ങൾക്ക് അംഗീകാരവും നൽകുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
Comments