തിയറ്ററിൽ ചിരിയ്ക്കൊപ്പം ചിന്തയും പടർത്തിയ ചിത്രമായിരുന്നു ബേസില്‍ ജോസഫും ദര്‍ശനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘ജയ ജയ ജയ ജയ ഹേ’. ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും ചിരിയിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് ചിത്രം. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയിൽ ഏറ്റവും ചിരി പടർത്തിയ രംഗമായിരുന്നു ബേസിലും ദർശനയും തമ്മിലുള്ള സംഘട്ടനം. ഇതടക്കമുള്ള ഫൈറ്റ് രംഗങ്ങളുടെ മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘പഞ്ച് ട്രിപിൾ പഞ്ച്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് മെയ്ക്കിംഗ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.
ശബരീഷ് വർമ്മ വരികളെഴുതിയ ‘പഞ്ച് ട്രിപിൾ പഞ്ച്’ എന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് അങ്കിത്ത് മോനോൻ ആണ്. അങ്കിത്ത് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം.
അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ‘ജയ ജയ ജയ ജയ ഹേ’യിലെ മറ്റ് താരങ്ങൾ. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിയേഴ്സ് എന്റര്ടെയ്ൻമെന്റിന്റെ ബാനറിൽ ലക്ഷ്മി മേനോൻ, ഗണേഷ് മേനോൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചത്. അമൽ പോൾസനാണ് സഹ നിർമ്മാണം.
Comments