എറണാകുളം : റേഷൻ വ്യാപാരികളുടെ കമ്മീഷൻ അടുത്ത മാസം 23 ന് മുൻപ് നൽകണമെന്ന് ഹൈക്കോടതി . സിവിൽ സപ്ലൈസ് സെക്രട്ടറിക്കും, കമ്മീഷണർക്കുമാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി നിർദേശം നൽകിയത്. കൊറോണ കിറ്റ്, ഓണക്കിറ്റ് വിതരണം എന്നിവയുമായി ബന്ധപ്പെട്ട കമ്മീഷനാണ് നൽകേണ്ടത്.അല്ലാത്തപക്ഷം ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണം .റേഷൻ ഡീലർമാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
കുടിശ്ശിക കമ്മീഷൻ വിതരണം ചെയ്യാൻ കഴിഞ്ഞ ഫെബ്രുവരിയിൽ കോടതി ഉത്തരവിട്ടിരുന്നു. ഇത് നടക്കാതെ വന്നതോടെയാണ് കോടതിയലക്ഷ്യ ഹർജിയുമായി റേഷൻ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചത്. കമ്മീഷൻ കുടിശ്ശിക സർക്കാർ നൽകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ വ്യപാരികളുടെ കമ്മീഷൻ പൂർണമായി നൽകുമെന്ന് ഭക്ഷ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യൂണിയൻ നേതാക്കളുമായി മന്ത്രി നടത്തിയ ചർച്ചയിലാണ് ധാരണയായത്.സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷൻ കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള നീക്കത്തെത്തുടർന്നാണ് യൂണിയൻ നേതാക്കളുമായി മന്ത്രി ചർച്ച നടത്തിയത്.
Comments