ദോഹ: ലോകകപ്പ് ഫുട്‌ബോളിലെ രസകരമായ കാഴ്ചകൾ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്. ഇപ്പോഴിതാ മത്സരം കാണാനെത്തിയ ഒരു ഫുട്‌ബോൾ ആരാധകൻ കളിയുടെ ദൃശ്യങ്ങൾ പകർത്തുന്നതാണ് വൈറാലായി മാറിയത്.
ഗ്യാലറിയിലിരുന്നു കളി കാണുന്നവർക്ക് മത്സരം മൊബൈൽ ക്യാമറയിൽ പകർത്തുക എന്നത് വലിയ വെല്ലുവിളിയാണ്. എത്രം സൂം ചെയ്താലും ദൃശ്യങ്ങൾ വ്യക്തമാകില്ല. ഈ സാഹചര്യത്തിൽ വ്യത്യസ്തമായ മാർഗം പരീക്ഷിച്ചിരിക്കുകയാണ് ഫുട്ബോൾ ആരാധകൻ. ഇതിനായി അദ്ദേഹം കണ്ടെത്തിയ മാർഗമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
ബ്രസീൽ-സെർബിയ മത്സരത്തിനിടെയാണ് സംഭവം. ഫുട്ബോൾ പ്രേമിയുടെ ഒരു കൈയ്യിൽ ബൈനോക്കുലറും മറുകൈയ്യിൽ സ്മാർട്ട് ഫോണുമുണ്ട്. ബൈനോക്കുലറിന്റെ കണ്ണുകൾക്ക് നേരെയാണ് കക്ഷി തന്റെ മൊബൈൽ ഫോൺ ക്യാമറ പിടിച്ചിരിക്കുന്നത്. ഇപ്രകാരം ബൈനോക്കുലറും മൊബൈൽ ക്യാമറയും ഒന്നിച്ച് പിടിച്ച് അദ്ദേഹം മത്സര ദൃശ്യങ്ങൾ ഫോണിൽ പകർത്തി. മൊബൈൽ സൂം ചെയ്യാതെ തന്നെ കാര്യം സാധിച്ചു.
24 ദശലക്ഷം കാഴ്ചക്കാരാണ് ഈ വൈറൽ വീഡിയോ നേടിയത്. കഷ്ടപ്പെട്ട് ദൃശ്യങ്ങൾ പകർത്തിയ ഫുട്‌ബോൾ ആരാധകന് ബദൽ മാർഗങ്ങൾ പറഞ്ഞുനൽകാനും കാഴ്ചക്കാർ മറന്നില്ല. ഇത്ര പാടുപെട്ട് വീഡിയോ എടുക്കുന്നതിലും ഭേദം സാംസങ് എസ്22 അൾട്രാ വാങ്ങുന്നതാണ് നല്ലതെന്ന് പലരും പ്രതികരിച്ചു. ടെലസ്‌കോപ്പിന് സമാനമായ സൂം ക്വാളിറ്റിയാണ് സാംസങ് എസ്22 അൾട്രയുടെ ക്യാമറയ്‌ക്കുള്ളത്. ഇത്തരത്തിൽ സ്റ്റേഡിയത്തിൽ ഇരുന്ന് ദൃശ്യങ്ങൾ പകർത്താൻ സാംസങ് ബെസ്റ്റ് ആണെന്നും കാഴ്ചക്കാർ അഭിപ്രായപ്പെട്ടു.
Comments