ലണ്ടൻ: യുകെയിൽ രാജ്യത്തെ ഭൂരിപക്ഷമതക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. ഇംഗ്ലണ്ടിലെയും വെയൽസിലെയും ജനസംഖ്യയുടെ പകുതിയിൽ താഴെ പേർ മാത്രമാണ് ക്രിസ്ത്യാനികളായിട്ടുള്ളത്. 2021 ൽ നടത്തിയ 10 വർഷത്തെ സെൻസസ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മതമില്ല എന്ന് സെൻസസ് സമയത്ത് രേഖപ്പെടുത്തിയവരുടെ എണ്ണത്തിലും വൻ വർദ്ധനവ് ഉണ്ടായതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
94.0 ശതമാനം പേരും സെൻസസിലെ മതം സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതികരണം നടത്തി.ഇംഗ്ലണ്ടിലെയും വെയിൽസിലെയും ഏകദേശം 46.2 ശതമാനം ആളുകൾ അതായത് 27.5 ദശലക്ഷം ജനങ്ങൾ മതം ക്രിസ്ത്യനാണെന്ന് രേഖപ്പെടുത്തി. 2011 ൽ നിന്ന് 13.1 ശതമാനത്തിന്റെ കുറവാണ് ക്രിസ്ത്യൻ മതവിശ്വാസികളുടെ എണ്ണത്തിലുള്ളത്.
മതമില്ല എന്ന് രേഖപ്പെടുത്തിയതാവട്ടെ 37.2 ശതമാനം പേരാണ്. അതായത് 22.2 ദശലക്ഷം ആളുകൾ മതവിശ്വാസികളല്ലെന്ന് പ്രഖ്യാപിച്ചു. 12 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുസ്ലീം ജനസംഖ്യ 6.5 ശതമാനമായി കുത്തനെ കൂടി. 3.9 ദശലക്ഷം ആളുകളാണ് യുകെയിൽ മുസ്ലീം മതവിശ്വാസികളായുള്ളത്. അതേസമയം ഹിന്ദുമതവിശ്വാസികൾ 1.0 ദശലക്ഷവും സിഖ് 5,24,000 വും ബുദ്ധമതക്കാർ രണ്ട് ലക്ഷത്തോളവുമാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
Comments