കോഴിക്കോട്: പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശം നൽകണമെന്ന കുടുംബശ്രീ പ്രതിജ്ഞയ്‌ക്ക് വിമർശനവുമായി സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡന്റ് നാസർ ഫൈസി കൂടത്തായി. പ്രതിജ്ഞ ഖുറാൻ വിരുദ്ധവും ഭരണഘടന ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങളുടെ ലംഘനവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
ഖുർആൻ പറയുന്നത്:’ആണിന് രണ്ട് പെണ്ണിൻറേതിന് തുല്യമായ ഓഹരിയാണുള്ളത്'(അന്നിസാഅ്: 11)സ്ത്രീക്ക് അല്പം പോലും സ്വത്തവകാശമില്ലെന്ന് പൗരാണികമായി കരുതി വന്നലോകത്തോടാണ് പിതാവിന്റെയും ഭർത്താവിന്റെയും മകന്റേയും സ്വത്തിൽ സ്ത്രീക്ക് അനന്തര സ്വത്തവകാശം ഇസ്ലാം പ്രഖ്യാപിച്ചത്.എന്നാൽ പിതാവിന്റെ സ്വത്തിൽ അവർക്ക് പുരുഷന്റെ (സഹോദരന്റെ ) പകുതിയാക്കിയത് വിവേചനമല്ലെന്ന് നാസർ കൂടത്തായി പറയുന്നു.
സ്ത്രീയുടെ എല്ലാ ജീവിതച്ചെലവും വഹിക്കേണ്ടത് പുരുഷനാണ്. ഭർത്താവ് ദ്രരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കിൽ പോലും അവരുടേയും ഭർത്താവിന്റെയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭർത്താവിനാണ്. ഒരു ചില്ലിക്കാശും ചെലവിനത്തിൽ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാൻ അവകാശം നൽകുന്നുണ്ട് ഇസ്ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണെന്നിരിക്കെ ചെലവ് പരിഗണിക്കാതെയാണ് വരവിലെ വിവേചനം ചിലർ ആരോപിച്ച് വന്നതെന്ന് നാസർ ഫൈസി കുറ്റപ്പെടുത്തി. ജൻഡർ ന്യൂട്രാലിറ്റിയുടെ ഭാഗമായി മതത്തിന്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സർക്കുലർ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുക തന്നെ ചെയ്യുമെന്ന് സുന്നി നേതാവ് ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.
2022 നവംബർ 25 മുതൽ ഡിസംബർ 23 വരെ നടക്കുന്ന ജെൻഡർ ക്യാമ്പയിനിൽ ചൊല്ലാൻ കുടുംബശ്രീ അയൽക്കൂട്ടത്തിന് കൈമാറിയ പ്രതിജ്ഞക്കെതിരെയാണ് മുസ്ലീം സംഘടനകൾ രംഗത്തെത്തുന്നത്. സിഡിഎസ് തലത്തിലാണ് പ്രതിജ്ഞ ചൊല്ലേണ്ടത്.
Comments