വെള്ളറട: കേരള-തമിഴ്നാട് അതിര്‍ത്തി മേഖലയായ പേണുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. കാഞ്ഞിരംപാറ നാരായണന്‍-ഭവാനി ദമ്പതികളുടെ മകന്‍ രാജേഷാണ് (45) മരിച്ചത്. ആക്രമണത്തില്‍ പന്നിമല സ്വദേശിയായ രാജേന്ദ്രന്‍ എന്ന മറ്റൊരു കര്‍ഷകന് പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ കുലശേഖരത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൃഷിയിടത്തിലിറങ്ങിയ ആനക്കൂട്ടത്തെ ഓടിച്ച ശേഷം സമീപത്തെ പാറക്കെട്ടിലേക്ക് മാറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് രാജേഷിന് നേരെ ആക്രമണമുണ്ടായത്. ആനയുടെ കുത്തേറ്റ രാജേഷ് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. നിലവില്‍ തമിഴ്നാട്ടിലെ കുഴിത്തുറ താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കരിഞ്ചിറ, പേണു പ്രദേശങ്ങളിലായി ആകെ നാല് കാട്ടാനകളാണ് ജനവാസമേഖലയില്‍ ഇറങ്ങിയത്. ഇതില്‍ രണ്ടെണ്ണം വനത്തിലേക്ക് മടങ്ങിയെങ്കിലും ബാക്കി രണ്ട് ആനകള്‍ ഇപ്പോഴും അതിര്‍ത്തി ഗ്രാമങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. വനപാലകര്‍ ഇവയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കാട്ടുപന്നിയും കാട്ടുപോത്തും കുരങ്ങുകളുമൊക്കെ പതിവായി ശല്യം സൃഷ്ടിക്കാറുള്ള ഈ പ്രദേശത്ത് കാട്ടാന ഇറങ്ങുന്നത് ഇതാദ്യമായാണ്. കാട്ടാന സാന്നിധ്യം തുടരുന്ന പശ്ചാത്തലത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വെള്ളറട ഗ്രാമപഞ്ചായത്ത് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.















