ഓരോ രാജ്യങ്ങൾക്കും ഓരോ പ്രത്യേകതയുണ്ട്. വൈവിധ്യമാർന്ന സംസ്കാരങ്ങളാലും പൈതൃകങ്ങളാലും സമ്പന്നമാണ് ഓരോ രാഷ്ട്രവും. ഫിഫ ലോകകപ്പ് 2022 ഖത്തറിൽ നടക്കുമ്പോൾ സംസ്കാരം കൊണ്ട് ചർച്ച ചെയ്യപ്പെട്ട രാജ്യമായിരുന്നു ജപ്പാൻ. തങ്ങളുടെ ടീമിന്റെ മത്സരങ്ങൾ കഴിയുമ്പോൾ സ്റ്റേഡിയത്തിൽ നിന്നിറങ്ങുന്ന ഓരോ ജാപ്പനീസ് പൗരന്മാരും ഗ്യാലറിയും പരിസരവും വൃത്തിയാക്കി പോകുന്ന കാഴ്ച നാം ഏറെ ചർച്ച ചെയ്തിരുന്നു. വൃത്തിയിലും വെടിപ്പിലും മാന്യമായി ഇടപഴകുന്നതിലുമെല്ലാം മികച്ച സംസ്കാരം വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടുള്ളവരാണ് ജപ്പാൻ ജനത. ലോകത്തിന്റെ ഏതുകോണിൽ എത്തിപ്പെട്ടാലും ഈ ശീലം അവർ പ്രകടമാക്കുകയും ചെയ്യും.
ജാപ്പനീസ് പാരമ്പര്യം വിളിച്ചോതുന്ന ഖത്തർ ലോകകപ്പിലെ ഹൃദയസ്പർശിയായ മറ്റൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പങ്കുവച്ചതാകട്ടെ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയും.
ജപ്പാനിലെ ഫുട്ബോൾ ടീം മാനേജർ ഹജീമേ മോറിയാസുവിന്റ ചിത്രമാണ് ആരാധകരുടെ മനം കവർന്നത്. പ്രീ-ക്വാർട്ടറിൽ ക്രൊയേഷ്യയുമായുള്ള കളിയിൽ തോറ്റ് ഖത്തറിൽ നിന്ന് മടങ്ങേണ്ടി വന്ന സാഹചര്യത്തിൽ ജപ്പാന് പിന്തുണ നൽകിയ ആരാധകരെ വണങ്ങുന്ന ഹജീമേയുടെ ചിത്രം ഏതൊരു ഫുട്ബോൾ പ്രേമിയുടെയും മനസ് നിറയ്ക്കുന്നതായിരുന്നു. സ്റ്റേഡിയത്തിലേക്ക് ഇറങ്ങി നിന്നുകൊണ്ട് ആരാധകരെ വണങ്ങിയ അദ്ദേഹം ടീമിനെ പ്രതിനിധീകരിച്ച് നന്ദിയറിയിച്ചു. ഈ ചിത്രമായിരുന്നു സോഷ്യൽ മീഡിയ കീഴടക്കിയത്. മാന്യത, നല്ല പെരുമാറ്റം.. ഈ രണ്ട് വാക്കുകളാണ് ചത്രം സൂചിപ്പിക്കുന്നതെന്ന് പോസ്റ്റ് പങ്കുവെച്ച ആനന്ദ് മഹീന്ദ്ര അടിക്കുറിപ്പെഴുതി.
ജപ്പാൻ എന്ന രാജ്യത്തിന്റെ സമഗ്രതയും വിനയവും ബഹുമാനവും നിറഞ്ഞ സംസ്കാരത്തെയാണ് ചിത്രം അടയാളപ്പെടുത്തുന്നതെന്നാണ് ചിത്രത്തിന് താഴെ വരുന്ന പ്രതികരണം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോറ്റ ജപ്പാൻ, ക്രൊയേഷ്യയെന്ന കരുത്തരായ ടീമിനോട് ശക്തമായി പൊരുതിയാണ് മടങ്ങുന്നതെന്നും ഇത്തവണത്തെ ലോകകപ്പിൽ മികച്ച പ്രകടനമാണ് താരങ്ങൾ കാഴ്ചവച്ചതെന്നും ഫുട്ബോൾ പ്രേമികൾ അഭിപ്രായപ്പെട്ടു.
വൈറലായ ചിത്രമിതാണ്..
Just two words to describe this: Dignity. Grace.
(Team Japan manager Hajime Moriyasu bowing to fans in gratitude) pic.twitter.com/wH2rNMhZ2A— anand mahindra (@anandmahindra) December 6, 2022
Comments